പി.എസ്.എല്‍.വി സി34ന്റെ വിക്ഷേപണം വിജയകരം

01:05am 22/6/2016
images
ബംഗളൂരു: 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി34ന്റെ ചരിത്ര വിക്ഷേപണം വിജയകരം. രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി സി34 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്‌ളിന്റെ (പി.എസ്.എല്‍.വി) 36 ദൗത്യം കൂടിയാണിത്.

505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്കയക്കുന്നത്. ദൗത്യം വിജയിച്ചതോടെ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു.