പി. ജയരാജന്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു തൃശൂര്‍ അമലയില്‍

11:09 AM 24/02/2016
fdffdv

തൃശൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച ഐ.സി.യു ആംബുലന്‍സ് തൃശൂര്‍ അമലാനഗറില്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്റെ ടയറുകള്‍ പൊട്ടി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. അപകടശേഷം മറ്റൊരു അംബുലന്‍സില്‍ ജയരാജനെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ഇന്ന് വിദഗ്ധ പരിശോധനക്ക് ശേഷമാവും തിരുവനന്തപുരത്തേക്ക് യാത്ര തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം, ജയരാജനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റുന്നത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ട്രെയിന്‍ മാര്‍ഗം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. ആംബുലന്‍സിന് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ അപകടത്തില്‍പെട്ട ആംബുലന്‍സ് മാറ്റിയിട്ടുണ്ടെന്നും പോകുന്നതിനിടെ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കാണിക്കാമെന്നുമുളള പൊലീസിന്റെ ഉറപ്പില്‍ ജയരാജനെ റോഡ് മാര്‍ഗം തന്നെ കൊണ്ടുപോകാന്‍ ധാരണയായി.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് കനത്ത സുരക്ഷാ വലയത്തില്‍ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയായിരുന്നു ജയരാജനെ ആംബുലന്‍സിലേക്ക് കയറ്റിയത്. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയിലും ജയരാജന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു തീരുമാനമെങ്കിലും കണ്ണൂരില്‍നിന്നുള്ള പൊലീസ് സംഘം എത്താന്‍ വൈകിയതിനാല്‍ അനിശ്ചിതത്വം അര്‍ധരാത്രിവരെ നീളുകയായിരുന്നു. നേരത്തേ ആരോഗ്യസംഘം നടത്തിയ അള്‍ട്രാ സൗണ്ട് സ്‌കാനിങ് പരിശോധനയില്‍ മൂത്രത്തില്‍ കല്ലുണ്ടെന്ന് കണ്ടത്തെിയതിനാല്‍ മെട്രോളജി, യൂട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശിപാര്‍ശ ചെയ്തിരുന്നു. ബുധനാഴ്ച ഇതുസംബന്ധിച്ച വിദഗ്ധ പരിശോധന നടത്താനായിരുന്നു തീരുമാനം. അതിനിടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘം വിദഗ്ധചികിത്സക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍, ജയില്‍ അധികൃതരില്‍നിന്ന് ഇതിനുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്.

തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമം തിങ്കളാഴ്ചതന്നെ ആരംഭിച്ചെങ്കിലും ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടാവാനിടയുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു പൊലീസ്. പൊങ്കാല നടക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വന്‍തിരക്കിലൂടെ ജയരാജനെ ശ്രീചിത്തിരയിലത്തെിക്കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.