പുതിയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരമായി

01.29AM 06-09-2016
Space_Science_760x400
ബഹിരാകാശ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്കൊരുങ്ങി യു.എ.ഇ. ദേശീയ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. വിഷന്‍ 2021ന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ പര്യവേക്ഷണ സമൂഹത്തില്‍ കൈകോര്‍ക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2021ഓടെ ബഹിരാകാശ രംഗത്ത് മുദ്രപതിപ്പിച്ചവരുമായി മത്സരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് യു.എ.ഇയുടെ കുതിപ്പെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. മുന്‍ഗാമികളുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് യു.എ.ഇയുടെ ഈ രംഗത്തെ അഭിലാഷങ്ങള്‍. നിലവില്‍ യു.എ.ഇ ആറിലധികം കൃതിമോപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ബഹിരാകാശ സാങ്കേതിക വിദ്യയില്‍ 2000കോടി ദിര്‍ഹത്തിലധികം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
വികസന പ്രക്രിയയില്‍ ഉല്‍പ്രേരകമായി വര്‍ത്തിക്കുന്ന ബഹിരാകാശ മേഖലയുടെ പ്രാധാന്യത്തിനാണ് ദേശീയ ബഹിരാകാശ നയം അടിവരയിടുന്നത്. യു.എ.ഇ സര്‍ക്കാരിന്റെ സമീപനം, മുന്‍ഗണനകള്‍ ഈ മേഖലയില്‍ യു.എ.ഇയുടെ താല്‍പര്യങ്ങള്‍ കരസ്ഥമാക്കുന്നതിനുള്ള വഴികള്‍ എന്നിവയെല്ലാം നയം അവതരിപ്പിക്കുന്നു. പരിസ്ഥിതിക്കും ഏറെ ഗുണം ലഭിക്കുന്നതാണ് ദേശീയ ബഹിരാകാശ നയമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ രംഗത്ത് രാഷ്ട്രത്തിന്റെ പ്രാപ്തി വര്‍ദ്ധിപ്പിക്കുകയും ആഗോള വിവര കൈമാറ്റം വിപുലപ്പെടുത്തുകയും ചെയ്യും. സാമൂഹ്യ സാങ്കേതിക രംഗങ്ങളിലും നയം ഉപകാരപ്രദമാകുമെന്നും അബുദാബിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്‍ മക്തും പറഞ്ഞു.