പൂജാരയെയും ഹർമൻപ്രീതിനെയും ബിസിസിഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു

08.00 PM 02/05/2017

ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയെ ബിസിസിഐ അർജുന അവാർഡിനു ശിപാർശ ചെയ്തു. കഴിഞ്ഞ സീസണിലെ ടെസ്റ്റു പരന്പരകളിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൂജാരയെ ശിപാർശ ചെയ്തത്. വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനെയും അർജുന അവാർഡിനായി ബിസിസിഐ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച നാമനിർദേശം കായിക മന്ത്രാലയത്തിന് നൽകിയതായി ബിസിസിഐ അറിയിച്ചു.
1316 റണ്‍സാണ് ഈ സീസണിൽ പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റണ്‍സാണിത്. 30 കാരനായ പൂജാര 48 ടെസ്റ്റുകളിൽനിന്നായി 3798 റണ്‍സ് നേടിയിട്ടുണ്ട്. 11 ടെസ്റ്റ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും പൂജാരയ്ക്കുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്‍റി-20യിലേയും ഏഷ്യ കപ്പിലേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൗറിനെ അർജുന അവാർഡിനായി ശിപാർശ ചെയ്തത്.