പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി; മഞ്ജു വാര്യര്‍

09:39 am 18/9/2016

Newsimg1_82065205

കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവു ചെയ്യാനും മാനഭംഗ കുറ്റം മാത്രം ചുമത്തി ഏഴ് വര്‍ഷം കഠിന തടവില്‍ മാത്രം ഒതുക്കാനുമുള്ള സുപ്രീം കോടതി വിധിക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധിയെന്നാണ് മഞ്ജു പറയുന്നത്. മാത്രമല്ല കഴുത്തില്‍ കുരുക്കിട്ടല്ലെങ്കില്‍ അവന്റെ ശിഷ്ടജീവിതം മരണ സമാനമാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ജീവിതം പലവട്ടം തോല്‍പ്പിച്ചതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വരികയും ഒരു കുഞ്ഞുവീട് എന്ന തീര്‍ത്തും സാധാരണ സ്വപ്നത്തിനു വേണ്ടി വിശപ്പു മറന്ന് പണിയെടുക്കേണ്ടി വരികയും ചെയ്ത ഒരു പെണ്‍കുട്ടി. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കുള്ള യാത്രയില്‍ ഏകാന്തമായ തീവണ്ടി മുറിയില്‍ നിന്ന് അവള്‍ വഴിയരികിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ വച്ച് അവന്റെ നഖങ്ങളാലും പല്ലുകളാലും പിച്ചിക്കീറപ്പെടുന്നു. ആറാം നാള്‍ ആശുപത്രിയില്‍ അവസാനിക്കുന്നു. മാനം കവര്‍ന്നെടുക്കപ്പെട്ട് അവള്‍ മരിച്ചു എന്നത് സത്യം. ഒരു ആണ്‍മൃഗമാണ് അതിനു കാരണക്കാരന്‍ എന്നതും സത്യം. എന്താണ് അവനുള്ള ശിക്ഷ? നമ്മുടെ നീതിന്യായ വ്യവസ്ഥ ആദ്യം വിധിച്ചത് പിന്നീട് തിരുത്തിയെഴുതിയിരിക്കുന്നു.

പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. ഏഴു വര്‍ഷമെന്ന അഭ്യൂഹത്തില്‍ തുടങ്ങി ഒടുവിലത് ജീവപര്യന്തമെന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുന്നു. അപ്പോഴും അത് ജീവിതാന്ത്യം വരെയുള്ള തടവാണോ എന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് കഴിയുന്നില്ല. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഭാവിയില്‍ ഏതെങ്കിലും സര്‍ക്കാരിന് ഇളവു ചെയ്യാമെന്ന വ്യവസ്ഥ ചോദ്യചിഹ്നം പോലെ ചിരിക്കുന്നു.

ഇതു തന്നെയാകില്ലേ ഒടുവില്‍ ജിഷ വധക്കേസിലും സംഭവിക്കുകയെന്ന സംശയം എല്ലാവരിലും ഉണരുന്നു. വധശിക്ഷക്ക് രണ്ടു പക്ഷമുളളതിനാല്‍, മാനഭംഗക്കേസുകളില്‍ ജീവിതാന്ത്യം വരെ യാതൊരു ആനുകൂല്യങ്ങളും ഇളവുകളുമില്ലാത്ത ഏകാന്തമായ കഠിന തടവ് എന്ന ശിക്ഷയിലേക്ക് നമ്മുടെ വ്യവസ്ഥ പൊളിച്ചെഴുതപ്പെടേണ്ടതല്ലേ? നിര്‍ഭയ കേസിനു ശേഷം ശിക്ഷാ വ്യവസ്ഥകളില്‍ വരുത്തിയ ഭേദഗതികളില്‍ പോലും ആശ്വാസമര്‍പ്പിക്കാനാകില്ലെന്ന് സൗമ്യ കേസിലെ വിധി കാണിച്ചു തരുന്നു.

പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി. അത് കഴുത്തില്‍ കുരുക്കിട്ടു കൊണ്ട് ആവണമെന്നില്ലല്ലോ, അവന്റെ ശിഷ്ടജീവിതം മരണ സമാനമായാലും പോരെ? ഒരു തിരുത്തിയെഴുത്തും സാധ്യമല്ലാതെ അങ്ങനെയൊരു അന്തിമ വിധിയിലേക്ക് എന്നാണ് നമ്മുടെ നിയമം ഏകീകരിക്കപ്പെടുക?