പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി

09:00am 24/07/2016

download (1)
ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്ണിന് ബദല്‍ കണ്ടത്തൊന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍. പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസഫര്‍ ഹുസൈന്‍ അത്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
പെല്ലറ്റ് ഗണ്‍ മാരക ഭവിഷ്യത്തുണ്ടാക്കുന്നുവെന്നു തന്നെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഒരാള്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ എല്ലാം നഷ്ടമാവുകയാണ്. ഈ പ്രപഞ്ചംതന്നെ അയാള്‍ക്ക് അപ്രാപ്യമാകുന്നുവെന്നും കോടതി പറഞ്ഞു. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കണ്ണിന് മാരക പരിക്കേറ്റ അഞ്ചു വയസ്സുകാരന്‍െറ പത്രത്തില്‍ വന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടി ഇതിലേക്ക് മന$സാക്ഷിയുള്ളവര്‍ക്ക് നോക്കിനില്‍ക്കാനാവില്ളെന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഈ കുട്ടി എങ്ങനെയാണ് സൈന്യത്തിനുനേരെ കല്ളെറിയുക. പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കണം. അവരെ സഹായിക്കുന്ന സന്നദ്ധസംഘടനകളെ തടയരുത്. ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കണമെന്നും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.