പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍

10:21am 26/3/2016

ജോയിച്ചന്‍ പുതുക്കുളം
somersetpesha_pic1
ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. 12 കുട്ടികള്‍ യേശുവിന്റെ പ്രതിനിധികളായ ശിഷ്യ•ാരായി അണിനിരന്നപ്പോള്‍ ബഹു. വികാരി. ഫാ. തോമസ് കടുകപ്പിള്ളില്‍ കുഞ്ഞുങ്ങളുടെ കാല്‍ കഴുകി തുടച്ച് ചുംബിച്ചു.

മാര്‍ച്ച് ഇരുപത്തി നാലാം തീയതി വൈകിട്ട് 7.30ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. ഫാ. തോമസ് കടുകപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര സഹകാര്‍മികനായി. ഷിക്കാഗോ രൂപതയുടെ സെമിനാരിയാനായ ബ്രദര്‍, മെല്‍വിന്‍ പോള്‍ പെസഹ തിരുനാളിന്റെ തിരുകര്‍മ്മങ്ങളില്‍ സഹായിയായി.

‘താലത്തില്‍ വെള്ളമെടുത്തു…വെണ്‍കച്ചയുമരയില്‍ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. തോമസ് കടുകപ്പിള്ളില്‍ കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ദേവാലയത്തില്‍ നടത്തപ്പെട്ടു.

ഫാ. ഫിലിപ്പ് വടക്കേക്കര പെസഹാ തിരുനാളിന്റേയും, ശുശ്രൂഷാ പൗരോഹിത്യദിനത്തിന്റേയും, പരിശുദ്ധ കുര്‍ബാനസ്ഥാപനത്തിന്റേയും സന്ദേശം പങ്കുവെച്ചു. പെസഹാ തിരുനാള്‍ പരിശുദ്ധ കുര്‍ബാനയുടേയും, ശുശ്രൂഷാ പൗരോഹിത്യത്തിന്റേയും സ്ഥാപനദിനമാണെന്നും അതുകൊണ്ടുതന്നെ ഈ പുണ്യദിനം പരസ്പര സ്‌നേഹത്തിന്റേയും, സ്വയം ശൂന്യവത്കരണത്തിന്റേയും തിരുനാള്‍ എന്നു വിളിക്കാമെന്ന് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ദൈവത്തോടുള്ള സമാനത നിലനിര്‍ത്താതെതന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2, 68) ഈ ലോകം വിട്ടുപോകാന്‍ സമയമായപ്പോള്‍ എന്നും നിലനില്‍ക്കുന്ന തന്റെ സ്‌നേഹത്തിന്റെ അടയാളമായ ഒരു ഓര്‍മ്മ നല്‍കി കടന്നുപോകുന്നുണ്ട് അതാണ് പരിശുദ്ധ കുര്‍ബാനയും, ശുശ്രൂഷാ പൗരോഹിത്യദിനവുമെന്ന് ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധന, ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള പാനവായന എന്നിവ നടന്നു. പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും കുട്ടികള്‍ക്കായി പ്രത്യേകം നടത്തി.

പെസഹാ തിരുനാള്‍ ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍ , ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നല്‍കി.

വെബ്-: www.stthomsayronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.