പോര്‍ചുഗല്‍ Vs ഫ്രാന്‍സ് യൂറോ കപ്പ് 2016 ഫൈനല്‍:

ഇന്ന് രാത്രി 12. 30 (സോണി സിക്സ്, സോണി ഇ.എസ്.പി.എന്‍)
01:59pm 10/07/2016
download (7)
പാരിസ്: ആദ്യമായി 24 ടീമുകള്‍ മാറ്റുരച്ച യൂറോ കപ്പെന്ന റെക്കോഡ് കുറിച്ച ചാമ്പ്യന്‍ഷിപ്പിന്‍െറ കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സും ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗലും ഞായറാഴ്ച ഏറ്റുമുട്ടും. ക്ളബ് ജഴ്സിയില്‍ കിരീടങ്ങളും ബഹുമതികളുമെല്ലാം വാരിക്കൂട്ടിയിട്ടും പോര്‍ചുഗലിന് ഒന്നും സമ്മാനിക്കാനായില്ളെന്നത് സുവര്‍ണകരിയറിലെ കറുത്തപാടായി ഇന്നുമുണ്ട്. മൂന്നു തവണ ശ്രമിച്ചിട്ടും ലയണല്‍ മെസ്സിക്ക് തൊടാനാവാത്ത നേട്ടം, ക്രിസ്റ്റ്യാനോ ഇന്ന് കൈപ്പിടിയിലൊതുക്കിയാല്‍ കാത്തിരിക്കുന്നത് യുസേബിയോക്കും ഫിഗോക്കും ഡച്ച് താരം യൊഹാന്‍ ക്രൈഫിനും മുകളിലൊരു ഇരിപ്പിടമാവും.

യൂറോ കപ്പ് ഗ്രൂപ് റൗണ്ടില്‍ മൂന്നും സമനില വഴങ്ങി, മികച്ച മൂന്നാം സ്ഥാനക്കാരിലൊരാളായി മാത്രം നോക്കൗട്ടില്‍ ഇടംനേടിയ പോര്‍ചുഗലിന്‍േറത് വിസ്മയക്കുതിപ്പായിരുന്നു. ഭാഗ്യം വേണ്ടുവോളമുള്ളതാണ് കലാശപ്പോരാട്ടത്തില്‍ ഇവരെ കൂടുതല്‍ ഫേവറിറ്റാക്കുന്നതും. അതേസമയം, ആതിഥേയരായ ഫ്രാന്‍സ് മൂന്നാം യൂറോ കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. നേരത്തേ രണ്ടുതവണ ഫൈനലിലത്തെിയപ്പോഴും കിരീടവുമായാണ് ഫ്രഞ്ചുകാര്‍ മടങ്ങിയത്. സ്വന്തം ഗ്രൗണ്ടില്‍ രണ്ടു പ്രധാന ചാമ്പ്യന്‍ഷിപ്പുകളത്തെിയപ്പോഴും കിരീടമണിഞ്ഞ റെക്കോഡ് അവര്‍ക്കുണ്ട്. 1984 യൂറോ കപ്പും 1998 ലോകകപ്പും. ഇക്കുറി ആധികാരികമായിരുന്നു ഫ്രഞ്ചുകാരുടെ കുതിപ്പ്. ഗ്രൂപ് റൗണ്ടില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഒന്നാമതത്തെിയവര്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ജയിച്ചത് കിരീടഫേവറിറ്റെന്ന വിശേഷണത്തിന് അര്‍ഹരെന്നു തെളിയിച്ച്. സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചതോടെ ഇരട്ടിച്ച ആത്മവിശ്വാസവുമായാണ് ആതിഥേയര്‍ ഇന്നിറങ്ങുന്നത്.

1998 ലോകകപ്പും 2000 യൂറോയും നേടുമ്പോള്‍ ഫ്രാന്‍സിന്‍െറ നായകക്കുപ്പായത്തില്‍ ദെഷാംപ്സായിരുന്നു. ഇക്കുറി പരിശീലകനായി കൂടി കിരീടമണിഞ്ഞാല്‍ ജര്‍മനിയുടെ ബെര്‍ടി വോഗ്സിന് ശേഷം ഇരട്ട ബഹുമതി നേടുന്ന ആദ്യ താരമാവും. എട്ടുമാസം മുമ്പ് ഭീകരര്‍ ലക്ഷ്യംവെച്ച ആക്രമണത്തിന്‍െറ നീറുന്ന ഓര്‍മയിലാണ് ‘സ്റ്റേഡ് ഡി ഫ്രാന്‍സെ’ കലാശപ്പോരാട്ടത്തിന് വേദിയാവുന്നത്.

•ഫ്രാന്‍സ്

കരിം ബെന്‍സേമയെന്ന സ്റ്റാര്‍ സ്ട്രൈക്കറില്ലാതെ തുടങ്ങിയ ഫ്രാന്‍സിന് കിക്കോഫിനു പിന്നാലെ ഒന്നും പിഴച്ചിട്ടില്ല. ഓരോ അങ്കം കഴിയുമ്പോഴും നല്ലവാര്‍ത്തകള്‍ മാത്രമേ ഡ്രസിങ് റൂമില്‍ നിന്നത്തെിയിട്ടുള്ളൂ. ദിമിത്രി പായെറ്റ്, ഒലിവര്‍ ജിറൂഡ്, പോള്‍ പൊഗ്ബ, അന്‍െറായിന്‍ ഗ്രീസ്മാന്‍ എന്നിവരുടെ മുന്‍നിര ടൂര്‍ണമെന്‍റിലുടനീളം ഫ്രാന്‍സിന്‍െറ കരുത്തായിരുന്നു. പ്രതിരോധത്തിലെ വിള്ളലായിരുന്നു പ്രധാന വിമര്‍ശം. എന്നാല്‍, ജര്‍മനിക്കെതിരായ മത്സരത്തോടെ ഇതില്‍ കാര്യമില്ളെന്ന് വ്യക്തമായി. ടോണി ക്രൂസിനെയും തോമസ് മ്യൂളറെയും പിടിച്ചുകെട്ടിയ എവ്റക്കും ബകാറി സഗ്നക്കും ക്രിസ്റ്റ്യാനോയെയും നാനിയെയും മെരുക്കുക പാടുണ്ടാവില്ല. എങ്കിലും എതിരാളിയെ അറിഞ്ഞുള്ള ദെഷാംപ്സിന്‍െറ മറുതന്ത്രങ്ങള്‍ പിഴക്കാറില്ളെന്നാണ് ഫ്രഞ്ചുകാരുടെ വിശ്വാസം. സാധ്യതാ ഇലവന്‍: ലോറിസ്; ബകാറി സാഗ്ന, സാമുവല്‍ ഉതിതി, ലോറന്‍റ് കോസിന്‍ലി, പാട്രിക് എവ്റ; പോള്‍ പൊഗ്ബ, മൗസ സിസോസ, മറ്റ്യൂഡി; ഗ്രീസ്മാന്‍, ജിറൂഡ്, പായെറ്റ് (ഫോര്‍മേഷന്‍ 4-2-2-2)

•പോര്‍ചുഗല്‍

പ്രതിരോധമാണ് പോര്‍ചുഗലിന്‍െറ വലിയ തലവേദന. പരിക്കില്‍നിന്ന് മോചിതനായി പെപെ തിരിച്ചത്തെുന്നത് ആശ്വാസമാവുമെങ്കിലും ആക്രമണവീര്യമുള്ള അരഡസന്‍ ഫ്രഞ്ചുകാരെ തടഞ്ഞുനിര്‍ത്താന്‍ ഇവര്‍ക്കാവുമോയെന്നതാണ് ആശങ്ക. ഗരീറോ, ഫോന്‍െറ, സെഡ്രിച് എന്നിവര്‍ ആദ്യ കളിയെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ തന്നെ കരുത്ത്. റെനറ്റോ സാഞ്ചസ്, നാനി, അഡ്രിന്‍ സില്‍വ, ഡാനിലോ എന്നിവരും കളിയുടെ ഗതി തീരുമാനിക്കാന്‍ കെല്‍പുള്ളവര്‍. മധ്യനിര താരം വില്യം കാര്‍വലോ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചത്തെി. സാധ്യതാ ഇലവന്‍: റുയി പട്രീഷ്യോ; സെഡ്രിച്, പെപെ, ഫോന്‍െറ, എലിസ്യൂ; ഡാനിലോ, റെനറ്റോ സാഞ്ചസ്, ജോ മരിയോ; മൗടീന്യോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നാനി (സാധ്യതാ ഫോര്‍മേഷന്‍ 4-2-3-1).