പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍

02:03pm 10/7/2016
images
മുംബൈ: താനെയില്‍ പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ്‌നഗര്‍ സ്വദേശിനി ശോഭാ ഗാല്‍മധുവാണ് (40) അറസ്റ്റിലായത്. ദുര്‍ഗാപാലസ് ലോഡ്ജില്‍ ഇടപാടുകാരനുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കല്യാണ്‍, ബാദല്‍പുര്‍, അംബര്‍നാഥ് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷമായി ഇവര്‍ പെണ്‍വാണിഭം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ലോഡ്ജിന്റെ മാനേജര്‍ സുരേഷ് ഷെട്ടിയേയും ഡ്രൈവര്‍ വിനോദ് യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ രണ്ട് യുവതികളെയും പിടികൂടി. ഇവരില്‍നിന്ന് 59,000 രൂപയും പിടിച്ചെടുത്തു. ഇടപാടുകാരനില്‍നിന്ന് പണം വാങ്ങി ലോഡ്ജ് ഉടമയ്ക്കും പെണ്‍കുട്ടികള്‍ക്കും വീതംവയ്ക്കുമ്പോഴായിരുന്നു പോലീസ് ശോഭയെ പിടികൂടിയത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് ശോഭ ഇടപാടുകാര്‍ക്ക് കാഴ്ചവച്ചിരുന്നത്. ഒരുപെണ്‍കുട്ടിക്ക് 5,000 രൂപ വീതമാണ് ഇടപാടുകാരില്‍നിന്നും വാങ്ങുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഇവര്‍ 200 മുതല്‍ 500 രൂപവരെയാണ് നല്‍കിയിരുന്നത്. ശിവസേനയുടെ ഉല്ലാസ്‌നഗറിലെ വനിതാ വിഭാഗം നേതാവാണ് ശോഭ.