പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നവ രൂ­പതയ്ക്കായി കൃതജ്ഞതാ ബലിയും അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നടത്തപ്പെട്ടു

10;58am 29/7/2016

അപ്പച്ചന്‍ കണ്ണന്‍ചിറ
Newsimg1_83759775
പ്രസ്റ്റണ്‍ :ബ്രിട്ടനിലെ സീറോ മലബാര്‍ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാര്‍ത്ഥ്യമാകുകയും,ഇടവകാ ഭരണത്തില്‍ നൈപുണ്യം ഉള്ള പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കുകയും,സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനവും, കത്തീഡ്രല്‍ പള്ളിയുമായി ഉയര്‍ന്നു വരുകയും ചെയ്യുന്നതിലുള്ള നന്ദി സൂചകമായി കൃതജ്ഞതാ ബലിയും,വിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്വും ,കൃതജ്ഞതാ സ്‌തോത്രവും, വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെട്ടു. സന്തോഷം പങ്കിടുന്നതിനായി മധുരം വിതരണവും നടത്തുകയുണ്ടായി.ലങ്കാസ്റ്ററിനിലെ നാനാ ഭാഗത്തു നിന്നുമായി ധാരാളം സഭാ മക്കള്‍ ശുശ്രുഷകളില്‍ പങ്കു ചേര്‍ന്നു. ഇടവകാ വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയില്‍ കാര്‍മ്മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭയുടെ ചരിത്ര രേഖകളില്‍ പ്രസ്റ്റണ്‍ വീണ്ടും സുവര്‍ണ്ണ ലിഖിതങ്ങളില്‍ ആലേഖനം ചെയ്യപ്പെടുമ്പോള്‍ യു കെ യിലെ പ്രഥമ ഇടവക,പ്രഥമ ദേവാലയം,പ്രഥമ മഠം എന്നിവയോടൊപ്പം നവ രൂപതയുടെ ആസ്ഥാനം,കത്തീഡ്രല്‍ പള്ളി എന്നീ അംഗീകാരങ്ങള്‍ കൂടി ചേര്‍ക്കപ്പെടുകയായി. സീറോ മലബാര്‍ സഭക്ക് ശക്തമായ പ്രോത്സാഹനം നല്‍കി സഭയുടെ ഈ അഭിമാന നേട്ടത്തിന് സ്തുത്യര്‍ഹമായ പങ്കു വഹിച്ച ലങ്കാസ്റ്റര്‍ രൂപതാധികാരി മാര്‍ മൈക്കിള്‍ കാംബെല്‍ പിതാവ് തന്റെ ലൂര്‍ദ്ദ് തീര്‍ത്ഥാടനത്തിനടയില്‍ സീറോ മലബാര്‍ രൂപതാ പ്രഖ്യാപനം നടത്തുകയും തന്റെ അനുമോദനങ്ങളും ആശംസകളും മാത്യു ചൂരപൊയികയില്‍ അച്ചനെ അറിയിക്കുകയും ചെയ്തു..

സീറോ മലബാര്‍ സഭയുടെ ഈ അപൂര്‍വ്വ വിജയത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിലും,തിരുക്കര്‍മ്മങ്ങളിലും പങ്കു ചേര്‍ന്ന ഏവര്‍ക്കും അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. ഇടവക കുടുംബാംഗങ്ങളുടെ വിശ്വാസ­സ്‌നേഹക്കൂട്ടായ്മ്മയുടെ പ്രാര്‍ത്ഥനാ ശക്തിയും, സ്‌നേഹോര്‍ജ്ജവവും ഒന്ന് മാത്രമാണ് ഈ അനുഗ്രഹങ്ങള്‍ക്ക് മാര്‍ഗ്ഗം ഏകിയതെന്നും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിനത്തില്‍ ലഭിച്ച ഒരു വലിയ സമ്മാനമാണ് സീറോ മലബാര്‍ രൂപതാ എന്ന് മാത്യു അച്ഛന്‍ പ്രത്യേകം എടുത്തു പറഞ്ഞു .മെത്രാഭിഷേകത്തിന്റെയും മറ്റും ഒരുക്കങ്ങള്‍ക്കും രൂപം കൊടുക്കുന്നതിനു സഭാ നേതൃത്വത്തോടൊപ്പം ചേര്‍ന്നു നിന്ന് ആതിഥേയരെന്ന നിലക്കുള്ള നിസ്തുലമായ പങ്കു വഹിക്കുവാന്‍ മാത്യു അച്ചന്‍ ഏവരെയും ഉദ്‌­ബോധിപ്പിച്ചു.കൈക്കാരന്മാരായ ജോണ്‍സണ്‍ ജുമോന്‍, തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.