പ്രാര്‍ഥനകള്‍ സഫലം; നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്‌ട്രേലിയയില്‍ തുടരാം

10:05 am 15/6/2017


അഡ്‌ലെയ്ഡ്: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ ഓസ്‌ട്രേലിയയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. സാമൂഹിക ഇടപെടലുകളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് വീസ) നല്‍കി. ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയും മാധ്യമങ്ങളും വിഷയം സര്‍ക്കാരിന്റെ മുന്നിലെത്തിച്ചതോടെയാണ് മനുഷ്യത്വപരമായ തീരുമാനമുണ്ടായത്.
അഡ്‌ലെയ്ഡില്‍ ആറ് വര്‍ഷമായി താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു-സീന ദന്പതികളും ഇവരുടെ രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ പ്രതിസന്ധി നേരിട്ടത്. ദന്പതികളുടെ മൂന്ന് വയസുകാരിയായ മകള്‍ മേരി ജോര്‍ജ് രോഗിയാണെന്ന കാരണത്താലായിരുന്നു ജൂണ്‍ മാസം അവസാനത്തിന് മുന്‍പ് രാജ്യംവിടണമെന്ന് അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിച്ചു ജനിച്ച കുട്ടി ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഈ കുട്ടിയുടെ തുടര്‍ ചികിത്സകള്‍ പുരോഗമിക്കുന്നതിനിടെ ഇവരോട് രാജ്യം വിടാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു.
2011ല്‍ സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ മനു വിവാഹശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയില്‍ വച്ചാണ് മേരി ജനിക്കുന്നത്. മേരിയെക്കൂടാതെ ദന്പതികള്‍ക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി നോക്കുന്ന ഇരുവരും തൊഴില്‍ ഉപേക്ഷിച്ച് മക്കളെയുംകൊണ്ട് നാടുവിടേണ്ടി വരുമോ എന്ന ഭയത്തിലായിരുന്നു.
ദുരിതത്തിലായ കുടുംബത്തെ സഹായിക്കാന്‍ മലയാളി സമൂഹം ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി. സംഭവം വാര്‍ത്തയായതോടെ സര്‍ക്കാരിന്റെ അധികൃതരുടെയും ശ്രദ്ധയില്‍ വിഷയം എത്തി. പിന്നീടാണ് ഇവര്‍ക്ക് പീആര്‍ വീസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.