പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസം

11-10-2016 12.25AM
Priyanka-Gandhi
ലക്‌നോ: പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 3,500 കിലോമീറ്റര്‍ ഉത്തര്‍പ്രദേശിലൂടെ സഞ്ചരിച്ച് ദില്ലിയില്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
അടുത്തമാസം ആദ്യം അല്ലെങ്കില്‍ ഡിസംബര്‍ അവസാനം പ്രിയങ്കയുടെ റാലി തുടങ്ങും.150 റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. അതേസമയം, ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷി റാമിന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ അംബേദ്കര്‍ മൈതാനിയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മായവതി കേന്ദ്ര സര്‍ക്കാരുകളെ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയാണെന്നും ആരുമായും സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മായാവതി പ്രഖ്യാപിച്ചു.
ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസിനെ മായാവതി കുറ്റപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. ഇതിനിടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. 21പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.