പ്രിയദര്‍ശന്‍ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബ് ല്‍

09;05 am 23/9/2016
images (6)
ചെന്നൈ: പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം ‘സില സമയങ്കളില്‍’ ഗോള്‍ഡന്‍ ഗ്ലോബിലെ അവസാനപത്തിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. രാജ്യത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രകാശ് രാജ് നായകനായ ‘സില സമയങ്കളില്‍’ എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് പറയുന്നത്. പ്രിയദര്‍ശന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ ബജറ്റില്‍ താരതമ്യേന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറാണ്. പ്രിയദര്‍ശന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് തെളിയുന്ന ചിത്രമാണിതെന്ന് പ്രകാശ് രാജ്.
ഇതിന് മുന്‍പ് മീരാ നായരുടെ സലാം ബോംബെ മാത്രമാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ അവസാനപത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഓസ്‌കറിലെ അഞ്ച് ജൂറി അംഗങ്ങളും ഒക്ടോബര്‍ ആറിന് അമേരിക്കയിലെ ബവറിഹില്‍സില്‍ നടക്കുന്ന പ്രദര്‍ശനം കാണും. അവര്‍ തീരുമാനിച്ചാല്‍ ഓസ്‌കറിലെ അന്യഭാഷാചിത്രങ്ങളിലെ പ്രാഥമികപട്ടികയിലേയ്ക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെടാം.