പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര 21ന് ആരംഭിക്കുന്നു.

09:09 am 19/4/2017


മെല്‍ബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്‌ട്രേലിയന്‍ പ്രഭാഷണ പരമ്പര ഈ മാസം 21ന് ആരംഭിക്കുന്നു. മെല്‍ബണ്‍ ,സിഡ്‌നി,ബ്രിസ്ബന്‍ അഡലൈഡ് പെര്‍ത്ത് കാന്‍ബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രന്‍മാഷ് പങ്കെടുക്കുന്നത്.

ശാസ്ത്രബോധത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രന്‍മാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു ,ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങള്‍ക്കും വിഭാഗീയ ചിന്തകള്‍ക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് ഇദ്ദേഹത്തെ കേരളത്തിലും പുറത്തുമുള്ള സ്വതന്ത്രചിന്തകര്‍ക്ക് പൊതു സ്വീകാര്യനായി മാറ്റിയത്.

ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള ഇത്തവണത്തെ മുണ്ടശ്ശേരി പുരസ്കാരം നേടിയത് പ്രൊഫ.സി. രവിചന്ദ്രനായിരുന്നു. “ഭൂമിയിലെ മഹത്തായ ദ്രശ്യവിസ്മയം”,”ബുദ്ധനെ എറിഞ്ഞ കല്ല്”,”മസ്തിഷ്കം കഥ പറയുന്നു “, “വാസ്തുലഹരി” തുടങ്ങി കാലത്തോട് സംവദിക്കുന്ന 13 പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ജൈവകൃഷിയുടെ കാണാപ്പുറങ്ങള്‍ പ്രതിപാദിക്കുന്ന “കാര്‍ട്ടറുടെ കഴുകന്‍ ” ആണ് പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന അദ്ദേഹത്തിന്റെ പുസ്തകം.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ശ്രീ.സി.രവിചന്ദ്രന്‍.

ഇദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ എസ്സന്‍സ് മെല്‍ബണിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. https://www.facebook.com/groups/253451001783143/