പ്രോസിക്യൂഷന് വീഴ്ച പറ്റി -അഡ്വ. ബി.എ ആളൂർ

04:45 PM 15/09/2016
unnamed
ന്യൂഡല്‍ഹി: സൗമ്യ വധക്കേസിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി.എ ആളൂര്‍. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ വാദം സുപ്രീംകോടതി വിശ്വസിക്കുമായിരുന്നു. എന്നാൽ തെളിവു ശേഖരിക്കുന്നതിലും സമർപ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും അലംഭാവം കാട്ടി. അതാണ് തന്‍റെ കക്ഷിക്ക് കച്ചിത്തുരുമ്പായതെന്നും ആളൂർ പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ പ്രതികരണം. നരഹത്യ തെളിയിക്കാനാവാതെ പോയതാണ് പ്രോസിക്യൂഷന്‍റെ ഏറ്റവും വലിയ പരാജയം. മാധ്യമ വിചാരണയും വൈകാരിക സമീപനവും വിചാരണ കോടതിയെയും ഹൈക്കോടതിയെയും സ്വാധീനിച്ചുവെന്ന് അഡ്വ. ആളൂര്‍ ആരോപിച്ചു. ഇതാണ് ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷ നല്‍കുകയും ഹൈകോടതി ഉത്തരവ് ശരിവെക്കുകയും ചെയ്തത്. വിചാരണക്കേടതി ജീവപര്യന്തം തടവുശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ വിധി സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമായിരുന്നില്ല.

തെളിവുകള്‍ പ്രതിക്ക് അനുകൂലമായിരുന്നു. നരഹത്യ അടക്കമുള്ളവ തെളിയിക്കാന്‍ കഴിഞ്ഞില്ല. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ നേരത്തെ തെളിഞ്ഞിരുന്നു. തെളിയിക്കപ്പെട്ട എല്ലാ കുറ്റങ്ങള്‍ക്കും ഒരുമിച്ച് ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാവും. ഗോവിന്ദച്ചാമിയെ തമിഴ്‌നാട്ടിലെയൊ കര്‍ണാടകത്തിലെയൊ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന് അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.