ന്യൂഡൽഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ പരിഗണിക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്നും പാർട്ടിയിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിജെപി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് നേരത്തേ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളിൽ താൻ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ആർഎസ്എസിൽ തന്നെ പ്രവർത്തിക്കുന്നതാണ് തന്റെ ഇഷ്ടമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
കഴിഞ്ഞ രണ്ടു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ശിവസേന പിന്തുണച്ചത് കോണ്ഗ്രസ് സ്ഥാനാർഥികളായ പ്രതിഭാ പാട്ടീലിനെയും പ്രണാബ് മുഖർജിയെയുമാണ്. നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ കാലാവധി ജൂണിൽ അവസാനിക്കും.