ഫയർ അലാറം മുഴങ്ങി; എയര്‍ ഇന്ത്യ വിമാനം കസാഖ്സ്താനില്‍ ഇറക്കി

03:49 pm 25/08/2016
download (3)
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖ്സ്താനില്‍ ഇറക്കി. വിമാനം പറന്നുകൊണ്ടിരിക്കെ കാര്‍ഗോ വിഭാഗത്തിലെ ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് മുന്‍കരുതലായി വിമാനം കസഖ്സ്താനില്‍ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ 2.25 നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 എ.എല്‍ 191 വിമാനം മുംബൈ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ഇത് രാവിലെ എട്ടു മണിയോടെ കസ്ഖ്സ്താനില്‍ ഇറക്കുകയായിരുന്നു.

കാര്‍ഗോ വിഭാഗത്തിലെ അലാറം മുഴങ്ങിയ സാഹചര്യത്തില്‍ തീപിടുത്തമുണ്ടായിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും അത്തരത്തിലൊന്നും കണ്ടത്തെിയില്ല. വിമാനത്തില്‍ വിദഗ്ധ പരിശോധന നടന്നുകൊണ്ടിരിരിക്കുകയാണ്. കാര്‍ഗോയില്‍ വേഗത്തില്‍ നശിച്ചുപോകുന്ന സാധനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ അലാറം മുഴങ്ങാറുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിമാനം ന്യൂജഴ്സിയിലേക്ക് പറത്തുന്നതിനു കുഴപ്പങ്ങളുണ്ടെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ എടുക്കുകയുള്ളുവെന്നും സര്‍വീസ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.