ഫാ :ജേക്കബ് കുറിപ്പിനകത്ത്, സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ല് (അനുസ്മരണം)

08;12 am 14/9/2016

– ജോയ് ചെമ്മാച്ചേല്‍
Newsimg1_41292607
നമുക്ക് എല്ലായ്‌പ്പോലും നമ്മുടെ പ്രയാസങ്ങളും സന്തോഷവും പങ്കുവയ്ക്കാന്‍ പറ്റുന്ന ഒരാളുണ്ടാകണം.ഒരു ഫാമിലി ഡോക്ടറെ പോലെ .അങ്ങേ ഒരാളായിരുന്നു ഫാ :ജേക്കബ് കുറിപ്പിനകത്ത് അച്ചന്‍.അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്ന് വിശ്വസിക്കാനാവില്ല.ക്‌നാനായ സമുദായത്തിന്റെ നഷ്ടം എന്ന് നമുക്ക് അച്ചന്റെ ദേഹവിയോഗത്തെ കുറിച്ച് പറയാമെങ്കിലും ആ നഷ്ടം എത്രയോ സാധാരണക്കാര്‍ക്ക് തീരാ നഷ്ടമായിരിക്കും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.ജീവിതത്തിന്റെ പ്രയാസഘട്ടത്തില്‍ അച്ചനെ കാണുവാന്‍ വീട്ടില്‍ നിന്നുറച്ചു അച്ചന്റെയടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാം പറയാനുദ്ദേശിച്ച കാര്യങ്ങളും ,അതിന്റെ പരിഹാരവും പറഞ്ഞിരിക്കും.ഇത്രത്തോളം ദൈവത്തിന്റെ ടെലിപ്പതിയുള്ള ഒരാളെ കണ്ടു കിട്ടുക പ്രയാസം.ഈ അറിവ് അദ്ദേഹം സ്വയം ഉണ്ടാക്കിയെടുത്തതാണെന്നു എനിക്ക് തോന്നുന്നില്ല.അതൊരു നിയോഗമാണെങ്കിലോ ?ദൈവത്തിന്റെ നിയോഗം.അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം.അദ്ദേഹം നിരവധി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അവിടെയെല്ലാം അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തങ്ങള്‍ എല്ലാം ദൈവത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു എന്ന് നമുക്ക് മനസിലാകും.ദൈവത്തിന്റെ മുഖ്യ ദൂതന്‍ ആയ മിഖായേല്‍ മാലാഖ കുടികൊള്ളുന്ന നീണ്ടൂര്‍ സെന്റ്­ മൈക്കിള്‍സ് ദൈവാലയം കോട്ടയം അതിരൂപതയിലെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ .ഇവിടെ ഉണ്ടായ വികസനത്തിന് പ്രധാന നേതൃത്വം വഹിച്ചത് അച്ചന്‍ നീണ്ടൂര്‍ പള്ളിയുടെ വികാരി ആയിരിക്കുന്ന സമയത്താണ്.

അതുപോലെ കരിംകുന്നത്തു ഉണ്ടായ വലിയ മാറ്റംമറ്റൊരു ഉദാഹരണം ആണ്.അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായ സ്ഥലനങ്ങളില്‍ എല്ലാം ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.അദ്ദേഹം ഒരു കാര്യം ഏറ്റെടുത്താല്‍ അഭിപ്രായ വിത്യാസമുള്ളവര്‍ പോലും അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ച നമുക്ക് കാണണമായിരുന്നു.അവിടെ ഉണ്ടാകുന്ന മനഃശാസ്ത്രമാണ് സ്‌നേഹത്തില്‍ അധിഷ്ഠിതമായ ആത്മീയത എന്നത്.ഇതിന്റെ രഹസ്യം എന്താണെന്നു ഞാന്‍ പലതവണ അസഹ്നോട് ചോദിച്ചിട്ടുണ്ട്.ഒരു പൊട്ടിച്ചിരിയായിരിക്കും പലപ്പോളും മറുപടിയായി ലഭിക്കുക.

അദ്ദേഹം എന്തെല്ലാം ചെയ്തുവോ അവയെല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ്.അദ്ദേഹം ശുശ്രുഷയ്ക്കായി എത്തുന്ന ഇടവകകളിലെ ആധ്യാത്മിക ഉണര്‍വ് വളരെ പ്രത്യേകത ഉള്ളതായിരുന്നു.ആധ്യാത്മിക തളര്‍ച്ച ഉണ്ട് എന്ന് അദ്ദേഹത്തിന് തോന്നുന്ന സ്ഥലങ്ങളില്‍ അദ്ദേഹം ആരംഭിച്ച നൊവേനയും കൗണ്‍സിലിംഗും വെള്ളിയാഴ്ചകളില്‍ വൈകുന്നേരങ്ങളില്‍ ഒരുമണിക്കൂര്‍ ഉള്ള ആരാധനയും നടത്തി ആബാലവൃദ്ധം ജനങ്ങളെയും പള്ളിയുടെ ഭാഗമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഒരു നല്ല പുരോഹിതന്റെ ദൗത്യം എന്താണ്?.ഇടവകയിലെ ജനങ്ങളെ ആത്മീയമായി ഉത്തേജിപ്പിക്കുക ,ദേവാലയത്തെ ഭക്തിയുടെ അന്തരീക്ഷത്തിലാക്കുക,അവിടേക്കു വരാന്‍ സാധ്യത ഉള്ള നെഗറ്റിവ് എനര്‍ജി ഇല്ലാതാക്കുക എന്നിവയാണ്.ഇത് നിര്‍വഹിക്കുന്നതില്‍ അച്ചന്‍ വിജയിച്ചു.ചില ദേവാലയങ്ങളില്‍ ഓരോ വാര്‍ഡുകള്‍ക്കു ഞായറാഴ്ചകളില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കുക മൂലം ഒരു മനഃശാസ്ത്രപരമായ സമീപനത്തിലൂടെ എല്ലാ ആളുകളെയും പള്ളിയുടെയും ആരാധനയുടെയും ഭാഗമാക്കുവാന്‍ അച്ചന് സാധിച്ചു.പലയിടത്തും വലിയ നേട്ടങ്ങള്‍ ഉണ്ടായി,കൂടാര യോഗങ്ങള്‍ ഉണ്ടായി .പലരുടെയും ദുശീലങ്ങള്‍ക്കു അറുതിയായി.

ദൈവം ഉള്ളിടത്ത് വൃത്തി വേണം ,എങ്കിലേ ദൈവം അവിടെ വരൂ എന്ന ചിന്താഗതി അച്ചനുണ്ടായിരുന്നു.ദേവാലയങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുവാന്‍ കൂടാര യോഗങ്ങളെ ചുമതലപ്പെടുത്തി .ഇതെല്ലം ഒരു വ്യക്തിയെ അവന്റെ കുടുംബത്തിന് വേണ്ടി രൂപപ്പെടുത്തുക എന്ന മനഃശാസ്ത്ര സമീപനത്തിന്റെ ഭാഗം കൂടിയായിരുന്നു.

പങ്കുവയ്ക്കുവാന്‍ ദൈവം നല്‍കിയ കല്പ്പനയുടെ പ്രതിഫലനം പല സമയത്തും പല തരത്തിലും ഇടവകാംഗങ്ങള്‍ വിനിയോഗിച്ചു.ദേവാലയവും നാടും ,അശരണരരും ,അതിനു സാക്ഷികളായി.നാട് നന്നായി.മനുഷ്യനും നന്നായി.സമൂഹം നല്ല പാതകളിലേക്കു വന്നു.

തന്‍ ചെയ്യുന്നത് വ്യക്തിപരമായ അറിവുകൊണ്ടല്ല.വ്യക്തിപരമായി ചെയ്യുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കു ഇടവക മധ്യസ്ഥന്റെ സഹായം ആവശ്യമാണ് എന്ന് അദ്ദേഹം പലപ്പോളും പറഞ്ഞു കേട്ടിട്ടുണ്ട്.ദൈവത്തിന്റെ കരം പിടിക്കുക ,അവിടുത്തോടു കൂടെ നടക്കുക എന്നത് അത്ര നിസ്സാരമല്ല.അച്ചന്‍ ഇപ്പോള്‍ ദൈവത്തിന്റെ കാരവലയത്തിനുള്ളിലാണ്.നമുക്കുവേണ്ടി അദ്ദേഹം മധ്യസ്ഥനാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.ഈ അവസരത്തില്‍ നമുക്ക് അതിനു മാത്രമേ സാധിക്കു.അദ്ദേഹം നമ്മുടെ സഭയ്ക്കും സമുദായത്തിനും നല്‍കുന്ന ഒരു സന്ദേശമുണ്ട്”മല്ലിടാതെ സത്യദര്ശനം സാധ്യമല്ല.ജീവിതമാകെ ഒരു മല്ലാണ് .എന്തെങ്കിലും സാധിക്കാന്‍ എല്ലാവരും മല്ലിടുന്ന.എന്നാല്‍ ആധ്യാത്മിക ക്ലേശം ഒരു ഉയര്‍ന്നതരം ക്ലേശം ആണ് .അത് ബോധപ്രകാശത്തിനുള്ള ക്ലേശമാണ് .സദാ അതിനുവേണ്ടി കഠിന യത്‌നം ചെയ്യുക.ഈ ക്ലേശത്തെ ഭയപ്പെടാതിരിക്കുക .”

അദ്ദേഹം ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല എന്നതുകൊണ്ടാണ് സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ലായി ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഫോട്ടോ: ഫാ.ജേക്കബ് കുറുപ്പിനകത്തിന്റെ സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍
Newsimg3_78172889