ഫാ. പത്രോസ് ചമ്പക്കര ടൊറോന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍

09:35am 01/7/2016

Newsimg1_89668981
ക്യാനഡയിലെ ടൊറോന്റോ ക്നാനായ മിഷന്റെ പുതിയ ഡയറക്ടര്‍ ആയി ഫാ. പത്രോസ് ചമ്പക്കര നിയമിതനായി. സ്ഥിരമായി ഒരു അജപാലന സംവിധാനം ഉണ്ടായികാണുവാനുള്ള ക്യാനഡയിലെ ടൊറോന്റോയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ബഹു.പത്രോസ് ചമ്പക്കരയിലച്ചന്റെ നിയമാനത്തോടെ യാഥാര്‍ത്യമായത്. റവ.ഫാ. ജോര്‍ജ്ജ് പാറയിലും ക്നാനായ മിഷന്‍ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ടൊറോന്റോ എയര്‍പോര്‍ട്ടില്‍ ഫാ. പത്രോസ് ചമ്പക്കരയെ സ്വീകരിച്ചു. മിസിസ്സാഗോ എക്സാര്‍ക്കെറ്റിന്റെ അധ്യക്ഷന്‍ മാര്‍. ജോസ്‌ കല്ലുവേലില്‍ പിതാവാണ് പത്രോസ് അച്ചനെ ക്നാനായ മിഷന്റെ ഡയറക്ടര്‍ ആയി നിയമിച്ചിരിക്കുന്നത്.

ടൊറോന്റോയിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന 200 ലധികം ക്നാനായ കുടുംബങ്ങളുടെ അജപാലന കാര്യങ്ങള്‍ക്ക് എല്ലാ ഞായറാഴ്ച്ചയിലും ദിവ്യബലിയില്‍ പങ്കെടുക്കുവാനും കുട്ടികള്‍ക്ക്‌ വിശ്വാസപരിശീലന സൌകര്യങ്ങള്‍ ഒരുക്കുവാനും കൂടാരയോഗങ്ങള്‍ സംഘടിപ്പിക്കുവാനും അജപാലനപരമായ മറ്റിതരകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും മുഴുവന്‍ സമയ അജപാലന സാന്നിധ്യമാണ് പുതിയ നിയമനം വഴി യാഥാര്‍ത്യമാക്ക.

ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ശുപാര്‍ശപ്രകാരം 2014 ഏപ്രില്‍ 4ന് ടൊറോന്റോ ആര്‍ച്ച് ബിഷപ്പ്‌ കാര്‍ഡിനല്‍ തോമസ്‌ കൊള്ളിന്‍സ്‌ന്റെ സ്ഥിരൂപതയില്‍ താമസിക്കുന്ന എല്ലാ ക്നാനായ കത്തോലിക്കരുടെയും അജപാലനത്തിനായി സെന്റ്‌ മേരീസ്‌ ക്നാനായ കാത്തലിക്ക് മിഷന്‍ ഔദ്യോഗികമായി സ്ഥാപിച്ചു തരികയും പ്രഥമ മിഷന്‍ ഡയറക്ടര്‍ ആയി ഫാ. ജോര്‍ജ്ജ് പാറയില്‍ SFIC യെ നിയമിക്കുകയും ചെയ്തു. ടൊറോന്റോ അതിരൂപതയിലെ മോണ്‍സിഞ്ഞോര്‍ തോമസ്‌ കളാരത്തിന്റെ സാന്നിധ്യത്തില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജെനെറാളും ക്നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ്‌ മുളവനാല്‍ പ്രസ്തുത മിഷന്റെ ഔദ്യോഗികമായുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹുമാനപ്പെട്ട ജോര്‍ജ്ജ് പാറയിലച്ചന്റെ അജപാലന നേതൃത്വത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. സ്ഥിരമായ അജപാലന ക്രമീകരണങ്ങള്‍ക്കായി കോട്ടയം അതിരൂപതയില്‍ നിന്നും ഒരു ക്നാനായ വൈദീകനെ ലഭിക്കുന്നതിനുള്ള പരിശ്രമവും അതോടൊപ്പം നടന്നുകൊണ്ടിരുന്നു. 2015 ഓഗസ്റ്റ്‌ മാസത്തില്‍ ക്യാനഡയില്‍ സീറോ മലബാര്‍ എക്സാര്‍ക്കെറ്റ് സ്ഥാപിതമായതിന് ശേഷം ക്നാനായ വൈദീകന്റെ നിയമനത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് അഭി. ജോസ്‌ കല്ലുവേലില്‍ പിതാവ് പ്രത്യേകം താല്പര്യം എടുത്താണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.

കോട്ടയം അതിരൂപതാംഗവും, അമേരിക്കയിലെ ടാമ്പാ, സാന്‍ ഹോസെ തുടങ്ങിയ ക്നാനായ ഫൊറോനാ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുള്ള ബഹു. പത്രോസ് ചമ്പക്കരയിലച്ചനാണ് ടൊറോന്റോയിലെ ക്നാനായ അജപാലന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

ഈ പുതിയ നിയമനത്തിന് വഴിതുറന്നുതന്ന കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭി. മാര്‍. മാത്യൂ മൂലക്കാട്ട് പിതാവിനോടും, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭി. മാര്‍. ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനോടും, മിസിസ്സാഗോ എക്സാര്‍ക്കെറ്റിന്റെ അഭി. ജോസ്‌ കല്ലുവേലിപിതാവിനോടും, ഷിക്കാഗോ രൂപതയുടെ വികാരി ജെനറാള്‍ ഫാ. തോമസ്‌ മുളവനാലിനോടും, പ്രഥമ മിഷന്‍ ഡയറക്ടറായിരുന്ന ഫാ. ജോര്‍ജ്ജ് പാറയില്‍ അച്ഛനോടുമുള്ള ഹൃദയംഗമായ നന്ദി മിഷന്റെ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങള്‍ രേഖപ്പെടുത്തി.