ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന

08:42am 19/4/2016

ജോയിച്ചന്‍ പുതുക്കുളം
frtom_pic
ഫീനിക്‌സ്: ഐ.എസ്.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി രഹസ്യതാവളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫീനിക്‌സ് ഹോളിഫാമിലി ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യാരാധനയും നടന്നു. വൈദീകന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ തീവ്രശ്രമങ്ങള്‍ തുടരുമ്പോള്‍ സാര്‍വ്വത്രിക സഭയും, വിശ്വാസികളും പ്രത്യാശയോടെ നിരന്തര പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടും.

മതസ്വാതന്ത്ര്യവും വിശ്വാസജീവിതവും ഏറെ കലുഷിതമായിരിക്കുന്ന യമനിലെ ഏദന്‍ നഗരത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സിനൊപ്പം പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രേക്ഷിതപ്രവര്‍ത്തനങ്ങളില്‍ നിര്‍ഭയം പങ്കെടുത്തുവരവെയാണ് ഫാ. ടോമിനെ ഒരുമാസം മുമ്പ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഫാ. ഉഴുന്നാലില്‍ ശുശ്രൂഷ ചെയ്തിരുന്ന ഏദന്‍ നഗരത്തില്‍ ചാരിറ്റി സന്യാസ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന അഗതിമന്ദിരത്തിനു നേരേയുണ്ടായ വന്‍ ഭീകരാക്രമണത്തില്‍ നാല് സിസ്റ്റേഴ്‌സ് ഉള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണങ്ങളും മതപീഢനങ്ങളും ശക്തമായ യമനില്‍ സേവനമനുഷ്ഠിച്ചിരുന്ന ഏക കത്തോലിക്കാ വൈദീകനായിരുന്നു സലേഷ്യന്‍ സന്യാസ സഭാംഗവും മലയാളിയുമായ ഫാ. ടോം ഉഴുന്നാലില്‍.

ഫാ. ടോമിന്റെ മോചനം ലക്ഷ്യമാക്കി ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരിശുദ്ധ ദിവ്യകാരുണ്യസന്നിധിയില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും രാത്രിയാരാധനയില്‍ പങ്കുചേര്‍ന്നു. ഫാ. ജോര്‍ജ് എട്ടുപറയില്‍ ആരാധനയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും കാര്‍മികത്വം വഹിച്ചു.

ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ശീഹായുടെ വിശ്വാസപൈതൃകം പിന്തുടരുന്ന കേരള സഭയുടെ പ്രേക്ഷിതപ്രവര്‍ത്തന തീക്ഷണതയുടെ പ്രതീകമാണ് ടോമച്ചനെന്ന് ദിവ്യകാരുണ്യ ആരാധനയ്ക്ക് ഒരുക്കമായി നല്‍കിയ സന്ദേശത്തില്‍ ഫാ. ജോര്‍ജ് സൂചിപ്പിച്ചു. ലോക ചരിത്രത്തില്‍ ഏറ്റുമധികം പീഢനങ്ങളേറ്റുവാങ്ങിയിട്ടുള്ളത് തിരുസഭയാണെന്നും എന്നാല്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പീഢനങ്ങള്‍ സഭയെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഭീകരരുടെ രഹസ്യതാവളത്തില്‍ കഴിച്ചുകൂട്ടുന്ന ഫാ. ടോമിനെ ഓര്‍ത്ത് വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്കായും, സുഹൃത്തുക്കള്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥിച്ചു. ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകരാണ് ജാഗരണ പ്രാര്‍ത്ഥനയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.