ഫീസടക്കാന്‍ പണം പിന്‍വലിക്കാനായില്ല;18കാരന്‍ തൂങ്ങിമരിച്ചു

12:30 pm 24/11/2016

download (10)
ബന്‍ഡ: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന്​ പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്​ കോളേജ്​ വിദ്യാര്‍ത്ഥി ആത്​മഹത്യ ചെയ്​തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡയിലുള്ള മാവി ബുസുര്‍ഗ്​ ഗ്രാമത്തിലാണ്​ സംഭവം. പാഞ്ചനി ഡിഗ്രി കോളേജിലെ ബിഎസ്​സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി സുരേഷ് (18) ആണ്​ അമ്മയുടെ സാരി ഉപയോഗിച്ച്‌ വീട്ടില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് പണം പിന്‍വലിക്കാനായി ബാങ്കിലെ ക്യൂവില്‍ നിന്നിരുന്നു. ഫീസടക്കാനുള്ള പണം പിന്‍വലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നില്ല. ബുധനാഴ്​ചയായിരുന്നു ​കോളേജില്‍ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി.
ചൊവ്വാഴ്​ചയും സുരേഷ്​ ബാങ്കില്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ അപ്പോഴും പണം ലഭിച്ചില്ല. ചൊവ്വാഴ്ച ബാങ്കില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫീസടക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ സുരേഷ്​ ആത്​മഹത്യ ചെയ്യുകയായിരുന്നു എന്നാണ്​ ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ ഗ്രാമവാസികള്‍ ബാങ്ക്​ ആക്രമിച്ചു. ബാങ്കിനു നേരെ രൂക്ഷമായ കല്ലേറ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.