ഫൈസല്‍ വധം: മുഖ്യപ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും

07:33 AM 19/12/2016
dc-Cover-5bov759514vja52skm5eio1cb5-20161122062521
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡിലായ മൂന്ന് മുഖ്യപ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ശനിയാഴ്ച പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (30), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും മംഗലം പുല്ലൂണിയില്‍ സ്ഥിരതാമസമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയന്‍കാവ് പറമ്പില്‍ പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുക. ശനിയാഴ്ച തിരൂര്‍ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

ശ്രീകേഷ് എന്ന അപ്പു പൊലീസിനെതിരെ വാളോങ്ങിയ സംഭവമുണ്ടായിട്ടും കേസെടുത്തിട്ടില്ല. 2014ല്‍ പരപ്പനങ്ങാടി എസ്.ഐക്കെതിരെയാണ് വാള്‍ വീശിയത്. തിരൂരില്‍ എം.വി. ജയരാജന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ പ്രജീഷ് എന്ന ബാബു വാള്‍വീശി പരിഭ്രാന്തി പരത്തിയതായും പുല്ലൂണി പ്രദേശത്ത് നിരവധി അക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായും പൊലീസില്‍ വിവരമുണ്ട്.

മുഖ്യപ്രതികളില്‍ ഒരാളായ വിപിന്‍, കൊലയാളി സംഘത്തെ നിയോഗിച്ച മഠത്തില്‍ നാരായണന്‍, ഗൂഢാലോചന കേസില്‍പ്പെട്ട വള്ളിക്കുന്നിലെ ജയകുമാര്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും കണ്ടത്തൊനായിട്ടില്ല. ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടുപേര്‍ ജാമ്യത്തിനായി മേല്‍കോടതിയെ സമീപിച്ചിട്ടുണ്ട്.