അലപ്പോയില്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു

09:12 AM 19/12/2016

download (1)
ഡമസ്കസ്: വിമതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം കിഴക്കന്‍ അലപ്പോയില്‍ സിവിലിന്‍മാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നു. ഞായറാഴ്ച വൈകീട്ടോടെ സിവിലിയന്മാരെ കൊണ്ടുപോകാന്‍ എത്തിയ ബസുകള്‍ യാത്ര തുടങ്ങിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1200 പേരെ ബസുകളില്‍ കയറ്റി. അന്താരാഷ്ട്ര റെഡ്ക്രോസ്, സിറിയന്‍ അറബ് റെഡ്ക്രസന്‍റ് എന്നിവയുടെ നേതൃത്വത്തിലാണ് ബസുകള്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അലപ്പോയിലെ സുകാരി ജില്ലയിലെ പ്രധാന കവാടത്തിലാണ് 1500ഓളം ആളുകള്‍ കുടുങ്ങിയത്. ഇദ്ലിബിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫുവ, കെഫ്രായ നഗരങ്ങളിലേക്ക് സിവിലിയന്മാരെ മാറ്റുന്നതു സംബന്ധിച്ച തര്‍ക്കംമൂലമാണ് കുടിയൊഴിപ്പിക്കുന്നതില്‍ താമസം നേരിടുന്നത്. ജബ്ഹത് ഫതഹുല്‍ ശാം സംഘാംഗങ്ങള്‍ ഈ ഭാഗങ്ങളിലേക്ക് പോകാന്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. അതിനിടെ, അലപ്പോയിലേക്ക് നിരീക്ഷകരെ അയക്കുന്നതു സംബന്ധിച്ച് യു.എന്നില്‍ വോട്ടെടുപ്പ് നടക്കുകയാണ്. ഫ്രാന്‍സാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്്. കിഴക്കന്‍ അലപ്പോയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പോരാട്ടത്തില്‍ വിമതരെയാണ് സൗദി പിന്തുണക്കുന്നത്.