ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്

09:19 AM 19/12/2016
download (2)
ചെന്നൈ: ജയലളിതയുടെ തോഴി ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം രംഗത്ത്. ജയലളിതയുടെ നിര്യാണത്തിന് പിന്നാലെ ശശികല പാർട്ടി ജനറൽ സെക്രട്ടറി ആകുമെന്ന് മുഖ്യമന്ത്രി ഒ. പന്നീർശെൽവവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെയാണ് തമിഴ്നാട് ഭരണത്തിലും ശശികല പങ്കാളിയാകണമെന്ന് പുതിയ ആവശ്യം ഉയർന്നിട്ടുള്ളത്.

അണ്ണാഡി.എം.കെയിലെ ഒരു വിഭാഗമായ ‘ജയലളിത പെറവി’ ശശികലയെ അനുകൂലിച്ച് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ശശികല പാർട്ടി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും ആകണമെന്നും ചെന്നൈ ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു. പെറവിയുടെ സെക്രട്ടറിയും തമിഴ്നാട് റവന്യു മന്ത്രിയുമായ ആർ.ബി ഉദയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം, ശശികല പാർട്ടി നേതൃസ്ഥാനത്തേക്ക് വരുന്നതിനെ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ജനറൽ സെക്രട്ടറിയാകണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ പൊയസ് ഗാർഡന് മുമ്പിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.