ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവം വന്‍വിജയം

07:36 am 12/6/2017


ഫിലഡെല്‍ഫിയ: ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും കലാകാരികളും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടക മികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ഞഢജ സാബു സ്കറിയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ് , ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, PRO സന്തോഷ് എബ്രഹാം, ആര്‍ട്സ് ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍, നാഷണല്‍ കമ്മിറ്റി അംഗം സിറിയക് കുര്യന്‍, രേഖാ നായര്‍ അംഗസംഘടനകളെ പ്രതിനിധീകരിച്ച് അനുസ്കറിയ (MAP), സ്വപ്ന രാജേഷ് (KANJ), ഹരികുമാര്‍ രാജന്‍ (KSNJ), സണ്ണി എബ്രഹാം (KALAA), അബിതാജോസ് (DELMA), എന്നിവര്‍ സംയുക്തമായി ഏഴ് തിരികള്‍ തെളിച്ച് കലാമാമാങ്കം ഉദ്ഘാടനം ചെയ്തപ്പോള്‍ ഏഴു സ്വരങ്ങളും ഏഴു നിറങ്ങളും ശ്രുതിലയ താള മധുരമായി ആസ്വാദക ഹൃദയത്തിലേയ്ക്ക് പടര്‍ന്നു കയറിയ ഗൃഹാ
തുരത്വം നിറഞ്ഞ കലയുടെ ഉത്സവത്തിനു തുടക്കം കുറിച്ചു.

ഒരേ സമയം നാലു വേദികളിലായി നടന്ന മത്സരങ്ങള്‍ക്ക് ആര്‍ട്സ് കമ്മിറ്റി കോ-ചെയര്‍ന്മാരായ ബിജു എബ്രഹാം, നീതു രവീന്ദ്രന്‍, അജിത് ഹരിഹരന്‍, അബിതാ ജോസ് എന്നിവര്‍ ഒരോ വേദിയിലും നേതൃത്വം നല്‍കി . മിലി ഫിലിപ്പിന്റെ നേതൃത്വത്തില്‍ 50 വോളണ്ടിയര്‍മാര്‍ ചെയ്ത സേവനം യൂത്ത് ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനു സഹായകമായി. മത്സരഫലങ്ങള്‍ കൃത്യതയിലും വേഗത്തിലും പ്രസിദ്ധികരിക്കുവാന്‍ ഐ.ടി ടീം ജാഗ്രതയോടെ ഡേറ്റാ സെന്ററില്‍ പ്രവര്‍ത്തന ക്ഷമമായിരുന്നു. മൂന്ന് സ്ഥലങ്ങളിലായി രജിസ്ട്രേഷന്‍ ഡെസ്കുകളും പ്രധാനവേദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ഡെസ്ക്കും ക്രമീകരിച്ചത് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമായി

കലാരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച വിദഗ്ദരായ 20 വിധികര്‍ത്താക്കളാണ് വിധി നിര്‍ണ്ണയം നടത്തിയത്. ഭൂരിഭാഗം മത്സരാര്‍ത്ഥികളുടേയും പ്രകടനം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തിയതായും അവരെ അതിനു സജ്ജരാക്കിയ അദ്യാപകരും മാതാപിതാക്കളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. റീജണല്‍തല മല്‍ത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ 2018-ലെ ചിക്കാഗോ കണ്‍വന്‍ഷന്‍ ദേശീയ യുവജനോത്സവത്തില്‍ പ്രവേശനാര്‍ഹരാണെന്ന് സംഘടകര്‍ അറിയിച്ചു.

ഗ്രാന്റ് ഫിനാലെയില്‍ അനു സ്കറിയ, സ്വപ്ന രാജേഷ്, അബിത ജോസ് എന്നിവര്‍ എം.സി മാരായിരുന്നു. കാലാസന്ധ്യയിലേക്ക് കടന്നുവന്ന ഏവരെയും റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ചെയ്തു. തോമസ്സ് മൊട്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ലാലി കളപ്പുരയ്ക്കല്‍, ജിബി തോമസ്സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഉത്തമസാഹിത്യ സൃഷ്ടികളും പ്രവാസി മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട ബിസിനസ്സ് സംരഭങ്ങളുടെ വിവരങ്ങളുമടങ്ങിയ സമ്പൂര്‍ണ്ണ സുവനീര്‍ ചീഫ് എഡിറ്റര്‍ സന്തോഷ് എബ്രഹാമില്‍ നിന്ന് ഏറ്റുവാങ്ങി മുഖ്യാഥിതി തോമസ് മൊട്ടയ്ക്കലിനു നല്‍കി ഫോമാ നാഷണല്‍
വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ പ്രകാശനം ചെയ്തു.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്സ് ജോണ്‍, ഫണ്ട് റെയ്സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്, ഫോമാ സ്ഥാപക നേതാക്കളായ ജോര്‍ജ്ജ് മാത്യൂ, ജെ.മാത്യൂ , ജോണ്‍ സി വര്‍ഗീസ് കമ്മിറ്റി അംഗങ്ങള്‍ , സ്പോണ്‍സര്‍മാര്‍, അംഗ സംഘടനാ നേതാക്കള്‍, തുടങ്ങിയവരും സമ്മാന വിതരണത്തില്‍ പങ്കാളികളായി.

നിരവധി വിജയികളെ സൃഷ്ടിക്കുവാനും പ്രതിഭകളെ കണ്ടെത്തുവാനും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സാധ്യമായതായി ജനറല്‍ സെക്രട്ടറി ജിബി തോമസ് പ്രസ്താവിച്ചു.

കലാതിലകമായി ദിയാ ചെറിയാനും ജൂണിയര്‍ കലാതിലകമായി ഹന്നാ ആന്റോ പണിക്കരും കലാപ്രതിഭയായി ജോസഫ് ചിറയിലും വിജയ മകുടമണിഞ്ഞു.

ആഴ്ചകള്‍ നീണ്ട അദ്ധ്വാനത്തിന്റെ ഫലം മനോഹരമായ പരിസമാപ്തിയിലെത്തിച്ചതില്‍ തങ്ങളോടു സഹകരിച്ച എല്ലാവര്‍ക്കും ഞഢജ സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറാര്‍ ബോബി തോമസ്, PRO സന്തോഷ് എബ്രഹാം, ആര്‍ട്സ് ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍ എന്നിവര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.