ഫോമാ ഷിക്കാഗോ റീജിയന്‍ ഒപ്പുശേഖരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

8:25 am 17/12/2016
Newsimg1_38627175

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയണിന്റെ നേതൃത്വത്തില്‍ ഇല്ലിനോയി പബ്ലിക് എയ്ഡ് ഓഫീസുകളില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു.

ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ ഷിക്കാഗോ രൂപതാ വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റിന്‍ പലയ്ക്കാപ്പറമ്പില്‍, ഷിക്കാഗോ ഗീതാമണ്ഡലം മുന്‍ പ്രസിഡന്റ് അനില്‍കുമാര്‍ പിള്ളയില്‍ നിന്ന് ആദ്യ ഒപ്പ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, നാഷണല്‍ വനിതാ പ്രതിനിധി ബീന വള്ളിക്കളം, റീജണല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, റീജണല്‍ ട്രഷറര്‍ ജോണ്‍ പാട്ടപ്പതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ്, പി.ആര്‍.ഒ സിനു പാലയ്ക്കത്തടം എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ ഫോമയുടെ നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമായി ഏതാണ്ട് 30,000-ത്തോളമുള്ള മലയാളി സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും പിന്തുണയും നല്‍കി ഈ ഒപ്പുശേഖരണം വന്‍ വിജയമാക്കണമെന്ന് ഫോമാ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. പി.ആര്‍.ഒ സിനു പാലയ്ക്കത്തടം അറിയിച്ചതാണിത്.