ഫോമ സൗത്ത് റീജിയന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

06:58 am 6/6/2017


ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൊടിയടയാളമായ ഫോമയുടെ സൗത്ത് റീജിയന്റെ ഉദ്ഘടനം ബഹുജന പങ്കാളിത്തത്തോടെ വര്‍ണാഭമായി നടന്നു. സ്റ്റാഫോര്‍ഡിലെ 209 മര്‍ഫി റോഡിലുള്ള ദേശി റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് ഊഷ്മള സ്വീകരണം നല്‍കിയതോടൊപ്പം ഫോമയുടെ മുന്‍കാല സാരഥികളെയും പ്രമുഖ നേതാക്കളെയും ആദരിക്കുകയും ചെയ്തു.

വിമന്‍സ് ഫോറം റെപ്രസെന്റേറ്റീവ് ലക്ഷ്മി പീറ്ററുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ തോമസ് മാത്യു (ബാബു മുല്ലശ്ശേരില്‍) സ്വാഗതം ആശംസിക്കുകയും റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. കെട്ടുറപ്പുള്ള നേതൃത്വത്തിന്റെ കാര്യക്ഷമതയില്‍ ഫോമ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മാതൃകാ ഫെഡറേഷനായി ജൈത്രയാത്ര തുടരുകയാണെന്നും ഈ മുന്നേറ്റത്തിന് മലയാളി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പുതിയ നേതൃത്വത്തിന്റെ ആശയാഭിലാഷങ്ങള്‍ക്കനുസൃതമായി വിവിധ റീജിയനുകളുടെ വിശ്വാസമുള്‍ക്കൊണ്ട് ഫോമ അമേരിക്കന്‍ മലയാളികളുടെ ശബ്ദമായി മാറിക്കഴിഞ്ഞു. ഒറ്റക്കെട്ടോടെ കരുതലിന്റെയും കരുത്തിന്റെയും സേവനത്തിന്റെയും ഭാവി ദിനങ്ങള്‍ക്കായി ഏവരും സങ്കുചിതത്വങ്ങള്‍ക്കതീതമായി കൈകോര്‍ക്കേണ്ട സമയമാണിത്. ഫോമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സമയബന്ധിതമായി ജനപക്ഷത്തു നിന്ന് പൂര്‍ത്തീകരിക്കാന്‍ നമ്മള്‍ ഒരേ മനസ്സോടെ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതോടൊപ്പം സൗത്ത് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദയപൂര്‍വം ആശംസകള്‍ നേരുകയും ചെയ്യുന്നു…” സൗത്ത് റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

യോഗത്തില്‍ ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമ സൗത്ത് റീജിയന്‍ ചെയര്‍മാന്‍ ബിജു ലോസണ്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി, തോമസ് മാതു (ബാബു മുല്ലശ്ശേരില്‍), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയ്‌സണ്‍ വേണാട്ട്, വിമന്‍സ് ഫോറം റെപ്രസെന്റേറ്റീവ് ലക്ഷ്മി പീറ്റര്‍ തുടങ്ങിയവരെ സ്‌നേഹസേവനങ്ങളുടെ പേരില്‍ ആദരിച്ചു.

ആശംസകളര്‍പ്പിച്ച മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ പ്രസിഡന്റ് തോമസ് ചെറുകര, ശശി അണ്ണന്‍, ബേബി മണക്കുന്നേല്‍, തോമസ് വര്‍ഗീസ്, ലക്ഷ്മി പീറ്റര്‍, മുന്‍ സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍, ട്രഷറര്‍ ജോസഫ് കെന്നഡി, മാത്യു വര്‍ഗീസ് (ജോസ്) പി.ആര്‍.ഒ, മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബാബു തെക്കേക്കര തുടങ്ങിയവര്‍ ഫോമയുടെ ഇതപ്പര്യന്തമുള്ള നേട്ടങ്ങളെ പറ്റിയും ഭാവി പരിപാടികളെ പറ്റിയും ത്വരിത വളര്‍ച്ചയ്ക്കു വേണ്ടിയും സംസാരിച്ചു. എം.ജി മാത്യു നന്ദി രേഖപ്പെടുത്തി.