ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.

08:06 am 16/3/2017

download (1)
പാരീസ്: ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ പരിഗണനയിലാണെന്ന് ഭരണകൂടവൃത്തങ്ങൾ വ്യക്തമാക്കി. പാരീസിലും സമീപ പ്രദേശങ്ങളിലും 2015 നവംബർ 13ന് നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആക്രമണങ്ങളിൽ ഏഴ് ഭീകരവാദികളുൾപ്പെടെ 137 പേർ കൊല്ലപ്പെടുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 100ലേറെപ്പേർക്ക് ഗുരുതര പരിക്കുകളാണ് ഏറ്റത്. നീതിന്യായവകുപ്പ് മന്ത്രി ജീൻ ജാക്വസ് ഉർവോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നിലേറെത്തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥയുടെ കാലാവധി ദീർഘിപ്പിച്ചത്. ഏറ്റവുമൊടുവിൽ കാലാവധി പുനക്രമീകരിച്ചപ്പോൾ ജൂലയ് 15വരെയെന്നാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിനു മുൻപ് അടിയന്തരാവസ്ഥ പിൻവലിച്ചേക്കുമെന്നാണ് വിവരങ്ങൾ. അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.