ബംഗളൂരുവില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം

10:01am 30/07/2016
download (6)
ബംഗളൂരു: വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമുണ്ടായ കനത്ത മഴയത്തെുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം സ്തംഭിച്ചു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകിയതും റോഡില്‍ മരം വീണും വെള്ളം കെട്ടിനിന്നും ഗതാഗതം തടസ്സപ്പെട്ടതും ജനത്തെ വലച്ചു. പലയിടങ്ങളിലും അഞ്ചടിയോളം വെള്ളം ഉയര്‍ന്നതോടെ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും വീട്ടുപകരണങ്ങള്‍ ഉപയോഗശൂന്യമാവുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ഭക്ഷ്യവസ്തുക്കളടക്കം നശിച്ചു.

വിവിധ സ്ഥലങ്ങളില്‍ മുപ്പതിലധികം മരങ്ങള്‍ കടപുഴകി. വെള്ളപ്പൊക്കം കാരണം പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. നഗരത്തിന്‍െറ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. വീടുകളില്‍ മെയിന്‍ സ്വിച്ചുകള്‍ ഓഫാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബി.ബി.എം.പി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വെള്ളം കയറിയ വീടുകളില്‍ ഭക്ഷണമത്തെിക്കുകയും ആളുകളെ മാറ്റുകയും ചെയ്യുന്നത്.