ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം

24-03-2016
1458755774-041
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന് മത്സരത്തില്‍ ബംഗ്ലാദേശിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമി സാധ്യത നിലനിര്‍ത്തി. അവസാന മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍ ഇന്ത്യ 146/7. ബംഗ്ലാദേശ് 145/9
രണ്ടോവറില്‍ 17 റണ്‍സ് എന്ന നിലയില്‍ നിന്ന ബഗ്ലദേശിനെ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടു നല്‍കിയ ബുംറയാണ് മത്സരം ഇന്ത്യയുടെ വഴിക്ക് തിരിച്ചത്. ഇതോടെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 11 റണ്‍സ് വേണമെന്ന നിലയിലായി.
അവസാന ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക് പാണ്ഡ്യ ആദ്യ പന്തില്‍ ഒരു റണ്‍സ് വിട്ടുനല്‍കി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ രണ്ട് ബൗണ്ടറികളിലുടെ ബംഗ്ലാദേശ് വിജയത്തിന് തൊട്ടടുത്തെത്തി. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റുകള്‍ പോയതോടെ കളി ഇന്ത്യ വിജയിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാന്‍ ശ്രമിച്ച് ഇന്ത്യന്‍ ഇന്നിംഗ്‌സ് 146ല്‍ അവസാനിച്ചു.
ഫീല്‍ഡിങ്ങിലെ പിഴവുകളാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വിനയായത്. നാല് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. അല്ലായിരുന്നവെങ്കില്‍ ഇന്ത്യക്ക് മികച്ച വിജയം നേടാനാകുമായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അവസരത്തിനൊത്തുയര്‍ന്ന ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഇന്ത്യയുടെ പ്രതീക്ഷ കാത്തുരക്ഷിക്കുകയായിരുന്നു
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടതാണ് വിനയായത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. 23 പന്തില്‍ 30 റണ്‍സെടുത്ത റെയ്‌നയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.
ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ നാല് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ഓസീസിനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഓസീസിനും ശക്തമായ സെമി സാധ്യതയുണ്ട്. ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡ് സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.