ബാഗ്ദാദിലെ ഷിയാ മേഖലകളില്‍ ബോംബ് സ്‌ഫോടനം

12.35 Am 18-05-2016
bombu
ബാഗ്ദാദിലെ ഷിയാ മേഖലകളിലുണ്ടായ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ 65 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ഷാബ് മേഖലയിലെ കമ്പോളത്തിലായിരുന്നു ആദ്യത്തെ സ്‌റഫോടനം. ഇവിടെ 38 പേര്‍ മരിക്കുകയും 65 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍ റഷീദ് പ്രദേശത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സദര്‍സിറ്റിയിലെ കമ്പോളത്തില്‍ ചാവേര്‍ ഭടന്‍ നടത്തിയ മൂന്നാമത്തെ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞയാഴ്ച ബാഗ്ദാദിലും പരിസരത്തുമുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 200 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.
അഴിമതിക്കാരെ ഒഴിവാക്കി കാബിനറ്റ് പുനസ്സംഘടിപ്പിക്കാനുള്ള തന്റെ നീക്കം രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയെന്നും ഇതുമൂലം ഐഎസിനെതിരേയുള്ള പോരാട്ടം മന്ദീഭവിച്ചെന്നും ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.