ബാർകോഴ കേസിൽ മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ

12:35pm 12/07/2016
download
തിരുവനന്തപുരം: ബാർകോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂട്ടർ നിലപാട് വ്യക്തമാക്കിയത്.

കേസിൽ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം നടത്താവുന്നതാണ്. എന്നാൽ, ഇപ്പോൾ അത്തരം തെളിവുകളില്ല. ഹരജിക്കാർ പുതിയ തെളിവുകൾ സമർപ്പിച്ചാൽ അന്വേഷണം നടത്താവുന്നതാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. വിജിലൻസ് എസ്.പി സുകേശന്‍റെ റിപ്പോര്‍ട്ട് തളളിക്കളഞ്ഞ് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് വി.എസ് അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 16ലേക്ക് മാറ്റി. നിലവിലെ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ സ്ഥലം മാറി പോയതിനാല്‍ പുതിയ ജഡ്ജി എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്.

അതേസമയം, മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സാധ്യത തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ആദ്യ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ അഡ്വ. സി.സി. അഗസ്റ്റിന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നൽകിയ നിയമോപദേശം. എന്നാൽ, നിയമോപദേശം ലഭിച്ചെങ്കിലും തുടരന്വേഷണ കാര്യത്തിൽ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ആദ്യ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതിക്ക് തുടരന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് തെളിവായി നല്‍കിയ ശബ്ദരേഖ പരിശോധിക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന നിര്‍ദേശം.