ദക്ഷിണ ചെെന കടലിൽ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് കോടതി വിധിച്ചു.

04:00 PM 12/07/2016
download
ഹേഗ്: ദക്ഷിണ കടലിനെ ചൊല്ലിയുള്ള ചൈന-ഫിലിപ്പീൻസ് തർക്കത്തിൽ സുപ്രധാന വിധി. ഹേഗിലെ അന്താരാഷ്ട്ര കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ചരിത്രപരമായി ചൈനക്ക് ദക്ഷിണ കടലിൽ പ്രത്യേക അധികാരമില്ലെന്നും ഇത് നിയമപരമല്ലെന്നും കോടതി വിധിച്ചു.

1947ലെ മാപ്പ് കൂടി പരാമർശിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെയുള്ള ചൈനയുടെ പട്രോളിങ് ഫിലിപ്പീൻസിന്‍റെ ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നും കോടതി കണ്ടെത്തി.

ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും മിക്കഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ഈ പ്രദേശങ്ങള്‍ക്ക് ഫിലിപ്പീൻസടക്കമുള്ള ദക്ഷിണപൂര്‍വേഷ്യയിലെ മറ്റ് രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്.

ഈ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ അടങ്ങിയ മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വാഭാവികദ്വീപുകളുടെ തീരത്തുനിന്ന് 12 നോട്ടിക്കല്‍മൈല്‍ വരെയുള്ള പ്രദേശം അതത് രാജ്യത്തിന് സ്വന്തമാണ്. എന്നാല്‍ മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാനാണ് മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റിയത്.