ബിഹാറിലെ സമ്പൂർണ മദ്യനിരോധം; ഗ്രാമവാസികൾക്ക് തലവേദനയാകുന്നു

01:10 am 12/08/2016

images
പറ്റ്ന: ബിഹാറിലെ നിതീഷ്കുമാർ സർക്കാറിന്‍റെ സമ്പൂർണ മദ്യ നിരോധത്തെ പിന്തുണച്ച ഗ്രാമവാസികൾ ദിവസങ്ങൾക്കകം നിരോധത്തെ എതിർത്ത് രംഗത്തെത്തി. നിരോധം ലംഘിച്ച ഗ്രാമവാസികളിൽ നിന്ന് ഒന്നടങ്കം പിഴയീടാക്കാനുള്ള തീരുമാനമാണ് ഗ്രാമവാസികൾക്ക് തലവേദന സൃഷ്ടിച്ചത്. ബിഹാറിൽ പുതുതായി ഏർപ്പെടുത്തിയ മദ്യനിരോധ ബിൽ പ്രകാരം മദ്യം കണ്ടെത്തുന്ന കുടുംബങ്ങളെയും ഗ്രാമത്തെയും ഒന്നടങ്കംപ്രതിക്കൂട്ടിൽ നിറുത്തുന്നതാണ്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പലരും ഇതിനോടകം പൊലീസിന്‍റെ പിടിയിലായി കഴിഞ്ഞു. പാവങ്ങളെ അകാരണമായി പീഡിപ്പിക്കുന്ന കിരാത നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കൈലാഷ്പുർ ഗ്രാമത്തിൽ നിന്ന് നൂറുകണക്കിന് നാടൻ മദ്യക്കുപ്പികൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് ഗ്രാമത്തിലെ ഓരോ കുടുംബവും 5,000 രൂപ പിഴയടക്കേണ്ടി വരുമെന്ന തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ ഉത്തരവ് ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. ഒരു തെളിവുമില്ലാതെ ഗ്രാമവാസികളെ മുഴുവൻ കുറ്റക്കാരാക്കുന്ന സർക്കാറിന്‍റെ നടപടി പ്രതിഷേധാർഹമാണെന്ന് ഗ്രാമവാസികൾ അിപ്രായപ്പെടുന്നു.

കൂലിവേല ചെയ്ത് ജീവിക്കുന്ന ഗ്രാമവാസികളിൽ പലർക്കും പിഴയടക്കാനുള്ള കഴിവില്ല. മാത്രമല്ല, തങ്ങൾ ചെയ്യാത്ത കുറ്റത്തിന് പിഴയടക്കേണ്ടി വരുന്നത് അംഗീകരിക്കാനും ഇവർ തയാറല്ല. മുഖ്യമന്ത്രി നിതീഷ്കുമാർ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച സമ്പൂർണ മദ്യനിരോധം ലക്ഷ്യത്തിലെത്താതെ പോകാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്.