ബി.ജെ.പിയും കോണ്‍ഗ്രസും കേരളത്തില്‍ ഒത്തുകളിക്കുന്നു :യെച്ചൂരി

06:30pm 30/04/2016
download (5)
കൊച്ചി: കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയംകൊണ്ട് യാതൊരു ഗുണവുമുണ്ടായിട്ടില്ല. മദ്യഉപഭോഗം കൂടുകയാണ് ചെയ്തത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടച്ച ബാറുകള്‍ തുറക്കുമോ എന്ന് ചോദിക്കുന്നവര്‍, ഏത് ബാറാണ് അടച്ചതെന്നും വ്യക്തമാക്കണം. ബാറുകളുടെ രൂപം മാറ്റുക മാത്രമാണ് ചെയ്തത്. മദ്യത്തിന്റെ സ്വാധീനവും ഉപഭോഗവും കുറക്കുക എന്നതാണ് സി.പി.എം നയം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യ ഉപഭോഗം കുത്തനെ കുറക്കുന്നതിന് സഹായകമായ നയം സ്വീകരിക്കും. ബംഗാളില്‍ കോണ്‍ഗ്രസ് മാത്രമല്ല, ജനതാദള്‍ യു, ആര്‍.ജെ.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളും സി.പി.എമ്മിനൊപ്പമാണ്. അവിടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റിനെ മാറ്റി ഇടത് ഗവണ്‍മെന്റിനെ അധികാരത്തിലേറ്റുക എന്നതാണ് മുഖ്യലക്ഷ്യം. ദേശീയതലത്തില്‍ ബി.ജെ.പി പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.