ബി.പി.എല്‍–എ.എ.വൈ വിഭാഗങ്ങള്‍ക്കും സൗജന്യനിരക്കില്‍ അരി വിതരണം തുടരും

10:48 AM 27/10/2016
download (2)
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ നല്‍കുന്ന അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണം തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന നിലവിലെ ബി.പി.എല്‍- എ.എ.വൈ വിഭാഗത്തില്‍പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എത്രത്തോളം അരി വിതരണം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. അതിന് ഭക്ഷ്യ- സിവില്‍ സപൈ്ളസ് മന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അപ്രകാരം വിതരണം ചെയ്യുന്ന അരിക്ക് വരുന്ന സബ്സിഡി തുക സംസ്ഥാനം വഹിക്കും.

നിലവിലെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 55 ലക്ഷത്തോളം പേര്‍ ബി.പി.എല്‍, എ.എ.വൈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ 20 ലക്ഷത്തിലേറെപ്പേര്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടും. ഇവരെല്ലാം രണ്ടുരൂപ നിരക്കില്‍ അരിയും ഭക്ഷ്യധാന്യങ്ങളും വാങ്ങുന്നവരാണ്. മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്താകുന്നതോടെ ഭക്ഷ്യധാന്യം ലഭിക്കാതാകുന്ന ഇവര്‍ക്കെല്ലാം രണ്ടുരൂപ നിരക്കിലെ അരി വിതരണം തുടരണമെന്ന നിര്‍ദേശമാണ് മന്ത്രിസഭ കൈക്കൊണ്ടത്. 15,000 കുടുംബങ്ങള്‍ റേഷന്‍ വേണ്ടെന്ന് സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ സാധനങ്ങളും മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് നല്‍കും.

ആകെ കേന്ദ്രത്തില്‍നിന്ന് ലഭ്യമാകുന്ന അരി 14.25 ലക്ഷം മെട്രിക് ടണ്‍ ആണ്. അതില്‍ മുന്‍ഗണനാ പട്ടികക്കാര്‍ക്ക് നല്‍കുന്ന 10.25 ലക്ഷം മെട്രിക് ടണ്‍ അരി കഴിഞ്ഞാല്‍ ശേഷിക്കുന്ന നാലു ലക്ഷം മെട്രിക് ടണ്‍ എങ്ങനെ വീതിച്ചു നല്‍കാമെന്നാണ് കണക്കാക്കേണ്ടത്. ഈ നാല് ലക്ഷം ടണ്‍ 8.30 രൂപക്കാണ് കേന്ദ്രത്തില്‍നിന്ന് വാങ്ങുന്നത്. ഇത് ഏത് നിരക്കില്‍ വിതരണം ചെയ്യണമെന്നും അപ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്നുമാണ് ധനവകുപ്പ് പരിശോധിക്കുക. കരട് മുന്‍ഗണനാപട്ടിക താല്‍ക്കാലികമായി അംഗീകരിച്ചതോടെ നവംബര്‍ ഒന്നുമുതല്‍ കേന്ദ്രനിരക്കായ മൂന്നുരൂപക്ക് അരി ലഭിച്ചുതുടങ്ങും.

സംസ്ഥാനത്ത് സൗജന്യമായും സൗജന്യനിരക്കിലും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ 2.85 കോടി ആളുകള്‍ക്ക് ഇപ്പോള്‍ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. എന്നാല്‍, 1.54 കോടി ഗുണഭോക്താക്കള്‍ക്ക് മാത്രമേ മൂന്നുരൂപ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അരി നല്‍കാനാവൂ. അവശേഷിക്കുന്ന 1.86 കോടി ആളുകള്‍ക്ക് 8.30 രൂപക്ക് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അരി വേണം വാങ്ങി നല്‍കാന്‍. ഇതുകൂടാതെ ഉച്ചക്കഞ്ഞി, ശിശുക്ഷേമപദ്ധതി, അങ്കണവാടി, അനാഥാലയങ്ങള്‍ എന്നിവക്കുള്ള അരിവിഹിതം കൂടി കണ്ടത്തെണം. 28ന് നടക്കുന്ന എം.പിമാരുടെ യോഗത്തില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കും. മുന്‍ഗണനാപട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ലഭിക്കുന്ന അരിവില 8.30 എന്നത് കുറക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുക.