ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

09.46 AM 02-09-2016
burkinifranch_30082016
ഫ്രാന്‍സിലെ തെക്കന്‍ നഗരമായ നീസില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. വില്ലെന്യൂവ്-ലോബെറ്റില്‍ ബുര്‍ക്കിനി നിരോധിച്ച ഫ്രാന്‍സ് സര്‍ക്കാര്‍ നടപടി ഉന്നതാധികാര കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നീസിന്റെ തീരുമാനം. നീസിനൊപ്പം കാന്‍, ഫ്രെജൂസ്, റൊക്വബ്രൂണ്‍ എന്നീ നഗരങ്ങളും ബുര്‍ക്കിനി നിരോധനം നീക്കിയിരുന്നു. എന്നാല്‍ കോര്‍സിക്കയിലെ സിസ്‌കോയിലും ഗിസോനാസിയയും നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച വില്ലെന്യൂവ്-ലോബെറ്റിലെ ബുര്‍ക്കിനി നിരോധനം റദ്ദാക്കിയ കോടതി ബുര്‍ക്കിനി നിരോധനം വ്യക്തി സ്വതന്ത്ര്യത്തിന് എതിരാണെന്നും മൗലിക അവകാശ ലംഘനമാണെന്നും നിരീക്ഷിച്ചിരുന്നു. ബുര്‍ക്കിനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നഗര മേയര്‍ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ സംഘടനയായ എല്‍ഡിഎച്ച് അടക്കമുള്ളവര്‍ നിരോധനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഉത്തരവിട്ടത്.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിനിടെ നീസിലെ ബീച്ചില്‍ ബുര്‍ക്കിനി ധരിച്ചെത്തിയ യുവതിയെ പോലീസ് ബലംപ്രയോഗിച്ച് വസ്ത്രം അഴിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആഗോള തലത്തില്‍ ചര്‍ച്ച വിഷയം ആകുകയായിരുന്നു.