ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി

12.08 AM 27/0/2017
Usain_Bolt_250117
കിംഗ്സറ്റണ്‍: അത്‌ലറ്റിക് ഇതിഹാസം ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്‍റെ ഒന്പത് ഒളിന്പിക് സ്വർണങ്ങളിൽ ഒന്നു നഷ്ടമായി. 2008 ബെയ്ജിംഗ് ഒളിന്പിക്സിലെ 4 100 റിലേ സ്വർണമാണ് നഷ്ടമായത്. ടീം അംഗങ്ങളിൽ ഒരാളായ നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതാണ് സ്വർണം നഷ്ടമാകാൻ കാരണമായത്. കാർട്ടർ, നിരോധിത മരുന്നായ മേഥിൽഹെക്സാനമിൻ ഉപയോഗിച്ചെന്നാണ് ഉത്തേജകമരുന്ന് പരിശോധനാസമിതി കണ്ടെത്തിയത്.

ഇതോടെ ബോൾട്ട് ഉൾപ്പെട്ട ജമൈക്കയുടെ റിലേ ടീമിനെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി അയോഗ്യരാക്കി. നടപടി ബോൾട്ടിന്‍റെ റിക്കാർഡിനും ഇളക്കംതട്ടി. റിയോ ഒളിന്പിക്സിൽ ബോൾട്ട് കുറിച്ച ട്രിപ്പിൾ ട്രിപ്പിൾ സ്വർണമെന്ന റിക്കാർഡും ഇതോടെ ഇല്ലാതായി. 100 മീറ്റർ, 200 മീറ്റർ, 4100 റിലേ എന്നീ ഇനങ്ങളിൽ 2008, 2012 ഒളിന്പിക്സുകളിലും റിയോയിലും ബോൾട്ട് സ്വർണം നേടിയിരുന്നു. ഇതോടെയാണ് ട്രിപ്പിൾ ട്രിപ്പിൾ റിക്കാർഡ് സ്വന്തമാക്കാൻ ബോൾട്ടിന് സാധിച്ചത്. ഒന്പതിൽ ഒന്നു നഷ്ടമായതോടെ ട്രിപ്പിൾ ട്രിപ്പിളും റിക്കാർഡ് ബുക്കിൽനിന്നും മായും.