ബോസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഇടവക ദേവാലയ പെരുന്നാളും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ആഘോഷിക്കുന്നു

10.34 Pm 08-06-2016
bostonpallyperunal_pic2
ജോയിച്ചന്‍ പുതുക്കുളം

ബോസ്റ്റണ്‍: 1992 ഓഗസ്റ്റ് പതിനഞ്ചാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഏബ്രഹാം മോര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട മേനട്, മാസാച്യുസെറ്റിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തിന്റെ ഇരുപത്തിനാലാമത് പെരുന്നാളും, സില്‍വര്‍ജൂബിലി ഉദ്ഘാടന മഹാമഹവും 2016 ഓഗസ്റ്റ് 20,21 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

ആഘോഷങ്ങളുടെ ഭാഗമായി 2016 ഓഗസ്റ്റ് 20-നു ശനിയാഴ്ച റവ.ഫാ.ഡോ. രാജന്‍ മാത്യു യുവജനങ്ങള്‍ക്കായും, ഇടവയ്ക്ക് പൊതുവായും ധ്യാനങ്ങള്‍ നടത്തുന്നു. തുടര്‍ന്ന് പെരുന്നാള്‍ റാസയും സന്ധ്യാ പ്രാര്‍ത്ഥനയും റവ.ഡോ. രാജന്‍ മാത്യുവിന്റെ വചനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 21-നു ഞായറാഴ്ച ക്‌നാനായ അതിഭദ്രാസനത്തിന്റെ അഭിവന്ദ്യനായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയുണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനമധ്യേ വാഴയില്‍ ബാബു & ജാനറ്റ് ലൂക്കോസിന്റെ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മകന്‍ ശെമയോന്‍ ലൂക്കോസിന് കോറിയോ പട്ടംകൊട ശുശ്രൂഷ ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ വചന പ്രസംഗവും ഉണ്ടായിരിക്കും.

പെരുന്നാള്‍ ശുശ്രൂഷയ്ക്കുശേഷം ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ഉദ്ഘാടന മഹാമഹവും നടത്തും. അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന യോഗത്തില്‍ ദേവാലയത്തിന്റെ സ്ഥാപിത, ദീര്‍ഘകാല വികാരി വാഴയില്‍ ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷനായിരിക്കും. സഹോദര ഇടവകകളുടെ വികാരിമാരും, മേനട് പള്ളി ഇടവകാംഗങ്ങളും പ്രസംഗിക്കും. ദേവാലയത്തിന്റെ പഴയകാല ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള ഗാനങ്ങള്‍ പള്ളി ഗായകസംഘം ആലപിക്കും. ജൂബിലി സ്മാരകമായി പുണ്യശ്ശോകനായ ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തയുടെ പതിനഞ്ചാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് കേരളത്തില്‍ സാധുക്കള്‍ക്കായി നിര്‍മ്മിച്ചുനല്‍കുന്ന 15 വീടുകളില്‍ ഒന്നിന് ആവശ്യമായ 2500 ഡോളര്‍ അഭിവന്ദ്യ വലിയ മെത്രാപ്പോലീത്ത തിരുമേനിയെ ഏല്‍പിക്കുന്നതാണ്. സില്‍വര്‍ ജൂബിലി സ്മാരകമായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.

പരിപാടികളുടെ വിജയത്തിനായി വികാരി പുന്നൂസ് കല്ലംപറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളി കമ്മിറ്റിയും പബ്ലിസിറ്റി & പബ്ലിക്കേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. ആഘോഷങ്ങള്‍ക്കായി ദേവാലയത്തിന്റെ ചില നവീകരണ ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഏബ്രഹാം വി. ഏബ്രഹാം (508 400 5475).