ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ അധികാരത്തില്‍നിന്നും പുറത്താക്കി.

06.01 AM 01-09-2016
Dilma_Rousseff_310816
ബ്രസീലിലെ പ്രഥമ വനിതാ പ്രസിഡന്റ് ദില്‍മ റൂസഫിനെ അധികാരത്തില്‍നിന്നും പുറത്താക്കി. ബജറ്റില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പില്‍ 61 സെനറ്റര്‍മാര്‍ ദില്‍മയ്‌ക്കെതിരായി വോട്ടു ചെയ്തു. 20 പേര്‍ മാത്രമാണ് ദില്‍മയെ അനുകൂലിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം സെനറ്റര്‍മാര്‍ അനുകൂലമായി വോട്ടു ചെയ്തതോടെ ഇംപീച്ച്‌മെന്റ് നടപടിക്രമം പൂര്‍ത്തിയായി.
ലക്ഷക്കണക്കിനു ജനങ്ങളെ ദാരിദ്യത്തില്‍നിന്നു കരകയറ്റിയ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 13 വര്‍ഷം ദീര്‍ഘിച്ച ഭരണത്തിനാണ് ദില്‍മയുടെ പുറത്താക്കലിലൂടെ അന്ത്യമായത്. ഇടക്കാല പ്രസിഡന്റ് മൈക്കല്‍് ടെമര്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കും.
ഇംപീച്ച്‌മെന്റിന് സെനറ്റ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് മെയ് മാസം മുതല്‍ ദില്‍മ സസ്‌പെന്‍ഷനിലായിരുന്നു. ബജറ്റില്‍ തിരിമറി നടത്തി കമ്മി കുറച്ചുകാണിച്ചെന്നാണ് ദില്‍മയ്ക്ക് എതിരേയുള്ള ആരോപണം. 2014ലെ തെരഞ്ഞെടുപ്പു സമയത്ത് ബ്രസീലിയന്‍ സമ്പദ്്‌വ്യവസ്ഥ മോശമായിരുന്നു. ബജറ്റില്‍ കൃത്രിമം കാണിച്ച് സമ്പദ്‌വ്യവസ്ഥ മെച്ചമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതു മൂലമാണ് ദില്‍മയ്ക്കു വിജയിക്കാനായതെന്നാണ് എതിരാളികളുടെ വാദം.
നിയുക്ത പ്രസിഡന്റ് ടെമര്‍ ഉള്‍പ്പെടെ നിരവധി എംപിമാരും ഉദ്യോഗസ്ഥരും പെട്രോബാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുകയാണ്.