ബ്രിക്‌­സിറ്റിന് പിന്നാലെ നെതര്‍ലാന്‍ഡില്‍ നെക്‌­സിറ്റ് ആവശ്യം

11:51am 05/7/2016

ജോര്‍ജ് ജോണ്‍
Newsimg1_3444446
ഹേഗ്: ബ്രിട്ടീഷ് മാതൃകയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നെതര്‍ലാന്‍ഡ്‌­സിലും മുറവിളി ശക്തമായി. നെക്‌­സിറ്റ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ഇതിന് പേരിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ 56,000 പേര്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. ഇവരുടെ ശ്രമം വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്ന് കണക്കാക്കുന്നുവെങ്കിലും ഡച്ച് ജനതയുടെ വികാരം പ്രകടിപ്പിക്കാന്‍ നിവേദനം സഹായകമാകുമെന്ന് നെക്‌­സിറ്റ് സംഘാടകരായ പാട്രിക് ക്രിന്‍ജിന്‍സും പീറ്റര്‍ വാന്‍ വിജ്‌­മെറനും പറയുന്നു.

യൂറോപ്യന്‍ യൂണിയനിലെ ഡച്ച് അംഗത്വ വിഷയത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്്‌­ലിം വിരുദ്ധ എംപി ഗീര്‍ത് വൈല്‍ഡേഴ്‌­സ് അവതരിപ്പിച്ച പ്രമേയം ഡച്ച് പാര്‍ലമെന്റ് തള്ളി. യൂറോയുടെ കടന്നുവരവോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നുമാണ് നെക്‌­സിറ്റ് നിവേദകരുടെ നിലപാട്. ബ്രിട്ടനിലെ പോലെ അനായാസം ഹിതപരിശോധന നടത്താന്‍ നെതര്‍ലാന്‍ഡ്‌­സില്‍ സാധ്യമല്ല. ഡച്ച് ഭരണഘടന ഭേദഗതി ചെയ്യുന്നതടക്കം ഇതിന് വേണ്ടി നിരവധി സങ്കീര്‍ണമായ കടമ്പകള്‍ കടക്കേണ്ടിവരും.

Back