ബ്രെസ്റ്റ് കാന്‍സറിന് പ്രതിവിധിയുമായി ഇന്ത്യന്‍ വംശജന്‍

09;09 am 29/8/2016

Newsimg1_96912964
ലണ്ടന്‍ : മാരകമായ സ്തനാര്‍ബുദത്തിനു പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യന്‍ വംശജനായ പതിനാറുകാരന്‍ കൃതിന്‍ നിത്യാനന്ദന്‍.

ഐഡി4 എന്ന പ്രോട്ടീന്റെ സാന്നിധ്യമാണ് ഈയിനം അര്‍ബുദം തിരിച്ചറിയാതിരിക്കാന്‍ ഇടയാക്കുന്നതെന്ന് കൃതിന്‍ കണ്ടെത്തി. ഐഡി4 പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ നിഷ്ക്രിയമാക്കിയാല്‍ ഈ അര്‍ബുദത്തെ അപകടം കുറഞ്ഞതാക്കാമെന്ന് കൃതിന്‍ പറയുന്നു. ഇത്തരം അര്‍ബുദകോശങ്ങളെ തിരിച്ചറിയാനാകാത്തതായിരുന്നു ചികിത്സയിലെ പ്രധാന വെല്ലുവിളി. ആരോഗ്യമുള്ള കോശങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ സാവധാനം വളരുന്നവയുമായ ഇവ ക്രമേണ വലിയ അപകടകാരിയായി മാറുകയാണ്.

അര്‍ബുദ മുഴകളെ തടസ്സപ്പെടുത്തുന്ന പിടിഇഎന്‍ ജീനിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയാല്‍ രാസചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്നും കൃതിന്‍ കണ്ടെത്തി. ഇത്തരത്തിലുള്ള ഇരട്ട ചികിത്സ ഫലപ്രദമാണെന്നും കൃതിന്‍ പറയുന്നു. കൃതിന്റെ കണ്ടെത്തല്‍ യുകെ ആസ്ഥാനമായ യുവശാസ്ത്രകാരന്മാരുടെ പരിപാടിയായ ദ് ബിഗ് ബാങ് ഫെയറിന്റെ ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറവിരോഗത്തിന്റെ ആദ്യസൂചനകള്‍ തിരിച്ചറിയുന്നതിനുള്ള പരീക്ഷണം അവതരിപ്പിച്ച് രോഗം ഗുരുതരമാകുന്നതു തടയാന്‍ സഹായിക്കാമെന്ന അവതരണവുമായി കൃതിന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ശാസ്ത്രമേളയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.