ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്

10:03 am 22/5/2017

റിയാദ്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താനുള്ള സഹവര്‍ത്തിത്വമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ലോകത്ത് ദൃശ്യമാവുന്ന യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന യു.എസ് ജി.സി.സി ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. പൗരന്മാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, ആരായിത്തീരണമെന്നോ, ആരെ ആരാധിക്കണമെന്നോ ഞങ്ങള്‍ പറയില്ല. അതേസമയം, ഞങ്ങള്‍ വാഗ്ദാനം തരുന്നത് നമ്മുടെ എല്ലാവരുടെയും നല്ല ഭാവിക്കുവേണ്ടിയുള്ള മൂല്യത്തില്‍ അധിഷ്ഠിതമായ കൂട്ടുകെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ തവണയും ഭീകരവാദികള്‍ ദൈവത്തിന്റെ പേരു പറഞ്ഞ് കൊല്ലുന്നത് നിരപരാധികളായ മനുഷ്യരെയാണ്. യഥാര്‍ഥത്തില്‍ വിശ്വാസികളെ അപമാനിക്കുകയാണവര്‍. ഒരുമിച്ച് ശക്തിയോടെ നിന്നാലേ ഈ പൈശാചികതയെ നേരിടാനാവൂ. അതിന് ഓരോരുത്തരും അവരവരുടെ പങ്കു നിര്‍വഹിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.
ഇടുങ്ങിയ ചിന്തകളില്‍നിന്നല്ല, അനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ചാണ് ഞങ്ങള്‍ മുന്നോട്ടുപോവുന്നത്. തീവ്രവാദത്തെ പിഴുതെറിയാന്‍ താല്‍പര്യമുള്ള രാജ്യങ്ങളുടെ കുട്ടായ്മയാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കുട്ടികള്‍ക്ക് പ്രതീക്ഷയുള്ള ഭാവി ഉറപ്പുവരുത്താനാവണം. ദൈവത്തിനുള്ള ആദരവാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(കടപ്പാട്: മാധ്യമം)