ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട് ജോണ്‍ കെറി

08:58 pm 21/9/2016
– പി. പി. ചെറിയാന്‍
Newsimg1_73552860
ന്യൂയോര്‍ക്ക് : വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്കു സ്വരവിഹാരം നടത്തുന്നതിനും ഒളിതാവളമൊരുക്കുന്നതിനുളള നീക്കം ഉടനടി നിര്‍ത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിനോട് ആവശ്യപ്പെട്ടു.

ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ പത്തൊമ്പതിന് ഇരുവരും കണ്ടു മുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചു.

പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഭീകരരുടെ പറുദീസയാക്കി മാറുവാന്‍ അനുവദിക്കരുതെന്നും കെറി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം വഷളാകാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

ന്യുക്ലിയര്‍ ആയുധം നിര്‍മ്മിക്കുന്നതിനുളള പ്രോഗ്രാം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന് നവാസ് ഷെറിഫ് സ്‌റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, ഇരുരാഷ്ട്രങ്ങളും തമ്മിലുളള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇടപെടുമെന്ന വാഗ്ദാനം പാലിക്കപ്പെടണമെന്നും നവാസ് പറഞ്ഞു.