ഭീകരവാദികളോട് തന്‍റെ ചോര കൊണ്ട് മറുപടി പറയുമെന്ന്ഇറോം ശർമിള

01:23 pm 10/08/2016
images
ഇംഫാൽ: ഭീകരവാദികളോട് തന്‍റെ ചോര കൊണ്ട് മറുപടി പറയുമെന്ന് മണിപൂരിലെ സാമൂഹ്യപ്രവർത്തക ഇറോം ശർമിള. 16 വർഷം നീണ്ട സമാനതയില്ലാത്ത സഹനസമരം അവസാനിപ്പിച്ചതിന് പല ഭാഗത്ത് നിന്നും ഇറോമിന് വിമർശങ്ങൾ നേരിടേണ്ടി വന്നിരുന്നു. നിരാഹാരം അവസാനിപ്പിച്ച് മണിപൂർ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്താൽ വധിച്ചുകളയുമെന്ന് മണിപൂരിൽ പ്രവർത്തിക്കുന്ന ചില ഭീകരസംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇറോമിന്‍റെ പ്രതികരണം.

അവരുടെ സംശയങ്ങൾ എന്‍റെ രക്തം കൊണ്ട് മായ്ച്ചുകളയും. ചിലർക്ക് ഞാൻ ഇപ്പോൾ ചെയ്യുന്നന്തെന്ന് മനസ്സിലാകില്ല. ഗാന്ധിയേയും യേശുവിനേയും കൊന്ന പോലെ അവർ എന്നേയും കൊല്ലട്ടെ. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ സമ്മർദമോ കൊണ്ടാണോ നിരാഹാരം പിൻവലിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.

നിരാഹാരം പിൻവലിച്ച തന്നെ ചിലർ തെറ്റിദ്ധരിച്ചു. മണിപൂരിലെ അഫ്സപ നിയമം പിൻവലിക്കുന്നതിന് അധികാരം ആവശ്യമാണ്. അതിന് വേണ്ടിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇത് പോരാട്ടത്തിന്‍റെ പുതിയ രൂപമാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയായാൽ താൻ ആദ്യം ചെയ്യുന്ന കാര്യം അഫ്സപ പിൻവലിക്കുകയായിരിക്കുമെന്നും ഇറോം ശർമിള വ്യക്തമാക്കി.

ഇറോമിന്‍റെ സുരക്ഷക്കായി വലിയൊരു സംഘം വനിതാ പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ തനിക്ക് സുരക്ഷയുടെ ആവശ്യമില്ലെന്ന് പറഞ്ഞ ഇറോം ശിഷ്ടകാലം ആശ്രമത്തിൽ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.