ഭോപ്പാൽ ഏറ്റുമുട്ടൽ: ഗ്രാമവാസികൾക്ക് 40 ലക്ഷം നൽകുന്നത് ദൃക്സാക്ഷികളെ നിശബ്ദരാക്കാൻ

13:19 PM 04/11/2016
download
ഭോപ്പാൽ: ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്ന ആചാർപുര ഗ്രാമനിവാസികൾക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നടപടി വിവാദത്തിൽ. എട്ട് സിമി പ്രവർത്തകരെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതുൾപ്പടെ ആരോപണങ്ങൾ ഉയരുന്നതിനിടക്കുള്ള മധ്യപ്രദേശ് സർക്കാരിന്‍റെ പുതിയ നീക്കത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ധനസഹായ പ്രഖ്യാപനം കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം.

ഏറ്റുമുട്ടലിൽ പൊലീസിനെ സഹായിച്ച ഗ്രാമവാസികൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി 40 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിക്കുന്നുവെന്നും പണം എല്ലാവർക്കും തുല്യമായി വീതിച്ചു നൽകുമെന്നും മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

ജയിൽ ചാട്ടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുൻപുള്ള പ്രഖ്യാപനം ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രദേശിക നേതാക്കൾ കുറ്റപ്പെടുത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിമി പ്രവർത്തകരുടെ പക്കൽ ആ‍യുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആചാർപുര ഗ്രാമത്തിലെ ചിലർ പറഞ്ഞതായി ചില പത്രങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടൽ വ്യാജമാണെന്ന് കാണിച്ച് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യാനൊരുങ്ങുകയാണ് ഭോപ്പാൽ സ്വദേശിയായ ഔദേഷ് ഭാർഗവ്.