മകന്‍ മരിച്ച കേസില്‍ പിതാവ് ജഗ്ഷീര്‍ സിങ്ങ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്

09:13 am 01/10/2016

പി. പി. ചെറിയാന്‍
Newsimg1_75197767
ക്യൂന്‍സ് (ന്യുയോര്‍ക്ക്) : നാലു മാസം പ്രായമുളള മകനെ കൊലപ്പെടുത്തിയ കേസില്‍ ക്യൂന്‍സില്‍ നിന്നുളള ജഗ് ഷീര്‍ സിങ്ങ് (28) കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 18 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഈ കേസിന്റെ അവസാന വിധി നവംബര്‍ 4 ന് പ്രഖ്യാപിക്കും.

2014 ഡിസംബര്‍ 20 നായിരുന്ന സംഭവം. നാലു മാസം പ്രായമുളള നവീനെ ഡോക്ടറായ മാതാവ് റീന മല്‍ഹോത്ര ഭര്‍ത്താവ് സിങ്ങിനെ ഏല്‍പ്പിച്ച ശേഷമാണ് ജോലിക്കു പോയത്. നവീന് ശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് ഭാര്യയെ വിളിച്ചു വരുത്തി ഇരുവരും ചേര്‍ന്ന് കുട്ടിയെ ന്യുഹൈഡ് പാര്‍ക്കിലുളള കോന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടു പോയി. മേശയില്‍ നിന്നും വീണതാണെന്നായിരുന്നു സിംഗ് അധികൃതരെ അറിയിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ തലച്ചോറിനും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഡിസംബര്‍ 21 ന് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് നാലു ദിവസങ്ങള്‍ക്കുശേഷം നവീന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.

ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്നതിനിടെ ഭാര്യ റീന, ഭര്‍ത്താവിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി റിച്ചാര്‍ഡ് ബുച്ചന് കത്തയച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുന്‍പു വിവാഹിതനായിരുന്ന സിങ്ങിന് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണു കുട്ടികളെ വളര്‍ത്തിയിരുന്നത്.

കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുളള പിതാവ് തന്നെ അവരെ മരണത്തിലേക്കു തളളിവിടുന്ന ക്രൂരമായ നടപടികള്‍ അംഗീരിക്കാനാവില്ല. സിങ്ങ് കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ക്യൂന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റിച്ചാര്‍ഡ് ബ്രൗണ്‍ പ്രതികരിച്ചു. പ്രത്യേക വസ്തു ഉപയോഗിച്ചു നവീനെ പരുക്കേല്‍പ്പിച്ചതായി സിങ്ങ് കുറ്റസമ്മതം നടത്തിയിരുന്നു.