കുട്ടികളുടെ പഠനം മാതാപിതാകളുടെ കരുതലോടെ

08:19am 7/3/2016: തങ്ങളുടെ മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനാണു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിനായി പേരും പെരുമയുള്ള സ്‌കൂളുകളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കും.
അവര്‍ക്കു പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. അതിരാവിലെ വിളിച്ചുണര്‍ത്തി സ്‌പെഷല്‍ ട്യൂഷനും ഹോം ട്യൂഷനും പറഞ്ഞയക്കും. എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമപ്പിച്ച് സ്‌കൂള്‍ ബസില്‍ യാത്രയാക്കും.
വൈകിട്ട് മടങ്ങിയെത്തിയാല്‍ ഹോം വര്‍ക്കുകള്‍ ചെയ്യിക്കാന്‍ കൂടെയിരിക്കും. ഇങ്ങനെ മക്കളെ പഠിപ്പിക്കാനുള്ള വ്യഗ്രതയാണു ഓരോ കുടുംബങ്ങളിലും അരങ്ങേറുന്നത്.
അതേസമയം മക്കളുടെ പഠനകാര്യത്തിലുള്ള അമിതമായ ഉത്കണ്ഠയും ആശങ്കകളും ചില കുടുംബങ്ങളിലെങ്കിലും ഭാര്യഭര്‍തൃബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നുവെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാകുകയാണ്.
കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ സാധാരണഗതിയില്‍ അമ്മമാരാണു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അമ്മ എന്നനിലയില്‍ മക്കളുടെ പഠനകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഭാര്യ എന്നനിലയിലുള്ള കടമ നിറവേറ്റാന്‍ അവര്‍ക്കു കഴിയാതെ വരുന്നതാണു ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണം.
താളം തെറ്റുന്ന കുടുംബജീവിതം
ജോലി കഴിഞ്ഞ് രാത്രി വൈകി ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ കാണുന്നത് കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാര്യയെ. ക്ഷീണിച്ചു വന്നുകയറിയ തനിക്ക് ഒരു ഗ്ലാസ് ചായ നല്‍കാനോ സമയത്ത് ആഹാരം നല്‍കാനോ തനിക്കൊപ്പം അല്‍പനേരം ചെലവഴിക്കാനോ ഭാര്യ തയ്യാറാകാതെ വരുന്നത് സ്ഥിരം അനുഭവമാകുമ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവ് അസ്വസ്ഥനാകും.
മക്കളെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി പഠിപ്പിക്കുന്ന അമ്മമാരാണെങ്കില്‍, ചിലപ്പോള്‍ അവരെ തല്ലിയെന്നോ ശകാരിച്ചെന്നോ ഇരിക്കും. ഇവിടെ കുട്ടികളുടെ കരച്ചില്‍കൂടി ആകുമ്പോള്‍ ഈ രംഗത്തിനു സാക്ഷ്യം വഹിക്കുന്ന ഭര്‍ത്താവ് കൂടുതല്‍ അസ്വസ്ഥനാകും.
ഭാര്യ പരോക്ഷമായെങ്കിലും അവഗണിച്ചതിലുള്ള അസ്വസ്ഥതകളും കുട്ടികളുടെ കരച്ചിലും ബഹളവുമൊക്കെകൊണ്ട് അസ്വസ്ഥനാകുന്ന ഭര്‍ത്താവ് ഈ സാഹചര്യത്തില്‍ ഭാര്യയുമായി വഴക്കിനു മുതിരുക സ്വാഭാവികം.
ഇവിടെ ഭാര്യ തെറ്റുകാരിയാകുന്നില്ലെന്നിരിക്കെ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട ആ കുടുംബത്തിലെ സാഹചര്യമാണ്. ഭര്‍ത്താവിനും ഭാര്യക്കും ജോലിയുള്ള ചില കുടുംബങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ഓഫീസ് കഴിഞ്ഞാല്‍ നേരത്തെ വീട്ടിലെത്തുന്ന ഭാര്യ കുട്ടികളുടെ പഠനത്തിനു പിന്നാലെ കൂടുമ്പോള്‍ വൈകിയെത്തുന്ന ചില ഭര്‍ത്താക്കന്‍മാര്‍ക്കെങ്കിലും നേരിടേണ്ടിവരുന്നത് മേല്‍പറഞ്ഞ അനുഭവം തന്നെ.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മാനസിക പൊരുത്തമാണു ഒരു കുടുംബത്തിന്റെ അടിത്തറ എന്നിരിക്കെ, ഏതുകാര്യത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും കുടുംബത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുറപ്പാണ്.
എന്തുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍?
കുട്ടികളുടെ വിദ്യാഭ്യാസം നിസാരമായി കാണേണ്ട ഒന്നല്ല. കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും കര്‍ത്തവ്യമാണ്. പക്ഷേ അവരെ മിടുക്കന്മാരോ മിടുക്കികളോ ആക്കാനുള്ള വ്യഗ്രതക്കിടെ സ്വകാര്യ ഇഷ്ടങ്ങളും വ്യക്തിതാല്‍പര്യങ്ങളും നിറവേറ്റപ്പെടാതെ പോയതുകൊണ്ട് കാര്യമില്ല.
അപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കളുടെ ബാധ്യതയാകുന്നുണ്ടോ? കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കാണെന്നിരിക്കെ, പല സ്‌കൂളുകളും ഹോം വര്‍ക്കുകളുടെ പേരില്‍ വീട്ടുകാരുടെമേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്.
പിറ്റേദിവസം സ്‌കൂളില്‍ ചെല്ലുമ്പോള്‍ തങ്ങളുടെ കുട്ടി ഹോം വര്‍ക്ക് ചെയ്യാതിരുന്നതിന്റെ പേരിലോ മനഃപാഠമാക്കാത്തതിന്റെ പേരിലോ ശിക്ഷിക്കപ്പെടരുത് എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍, പ്രത്യേകിച്ചും അമ്മമാര്‍ ഓരോ ദിവസവും രാത്രി വൈകുംവരെ മക്കളുടെ പഠനത്തിനൊപ്പം കൂട്ടിരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
കുട്ടിയെ പഠിപ്പിച്ച് മിടുക്കനോ മിടുക്കിയോ ആക്കണമെന്നും അവര്‍ നാളെ ക്ലാസ് മുറിയിലേക്കു ചെല്ലുമ്പോള്‍ പിന്തള്ളപ്പെട്ടുപോകാന്‍ പാടില്ലെന്നും അധ്യാപകരുടെ ശാസനക്ക് ഇരയാകാന്‍ പാടില്ലെന്നും ആഗ്രഹിക്കുന്നവരാണ് അമ്മമാര്‍.
രാത്രി ഉറക്കത്തിനുമുമ്പേ കിട്ടുന്ന കുറച്ചു സമയമാണ് മക്കളുടെ പഠനത്തിനും ഭര്‍തൃപരിചരണത്തിനും അടുക്കളയിലുമായി അമ്മമാര്‍ക്കു ചെലവഴിക്കേണ്ടി വരുന്നത്.
പഠനം മാതാപിതാക്കളുടെ സഹായമില്ലാതെ
ട്യൂഷന്‍ ക്ലാസുകളിലും സ്‌കൂളിലുമായി ഏറിയ സമയവും പഠനവുമായി ബന്ധപ്പെട്ടാണു കുട്ടികളുടെ ജീവിതം. വീട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്ന, മാതാപിതാക്കളോടൊപ്പം ഇടപെഴകാന്‍ ലഭിക്കുന്ന അല്‍പം സമയംപോലും അവര്‍ക്കു പഠനത്തിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നു.
ഒരര്‍ഥത്തില്‍ ക്ലാസ് മുറികളിലേതിനേക്കാള്‍ സംഘര്‍ഷം അവര്‍ വീടിനുള്ളിലെ പഠനമുറികളിലാണു നേരിടുന്നത്. ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളും കാണാതെ പഠിത്തവുമായി വീടിനുള്ളിലും ചടഞ്ഞിരിക്കേണ്ടിവരുന്ന കുട്ടികളും നല്ല രീതിയില്‍തന്നെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്.
കുട്ടികളുടെ അവസ്ഥ ഇതാണെങ്കില്‍ രണ്ടുരീതിയിലുള്ള ഇടപെടലുകളാണു കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഒന്നാമതായി കുട്ടികളുടെ ഹോംവര്‍ക്കുകളില്‍ അവരെ സഹായിക്കാനുള്ള മനസ്ഥിതി. മറ്റൊന്നു കുട്ടികളെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം. ഈ രണ്ടുകാര്യങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
കുട്ടികളെ മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ പഠിപ്പിക്കാനുള്ള പൂര്‍ണ ചുമതല സ്‌കൂള്‍ അധികൃതര്‍ക്കാണ്. കുട്ടികളുടെ പഠനത്തെ മാതാപിതാക്കളുടെ ബാധ്യതയാക്കുന്ന സ്‌കൂളുകളുടെ മനോഭാവം തീര്‍ച്ചയായും മാറ്റേണ്ടതാണ്.