മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ട പ്രതിക്ക് 50 വര്‍ഷം തടവ്

06:07 PM 13/8/2016

പി. പി. ചെറിയാന്‍
unnamed (2)
ഹൂസ്റ്റണ്‍ : മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ടപ്പോള്‍ കോടതി നല്‍കിയത് 50 വര്‍ഷത്തെ ജയില്‍ ശിക്ഷ. ഹൂസ്റ്റണില്‍ നിന്നുളള 45 വയസുകാരന്‍ റോണി പോള്‍ ഹബ് ഗുഡ് ജൂനിയറിനെയാണ് മോണ്‍ട് ഗോമറി കോടതി ഓഗസ്റ്റ് 8 തിങ്കളാഴ്ച 50 വര്‍ഷത്തേക്ക് ശിക്ഷിച്ചതെന്ന് മോണ്ട് ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫി­സ് അറിയിച്ചു.

ആറാം തവണ പൊലീസ് പിടിയിലാകുമ്പോള്‍ റോണിയുടെ രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് സാധാരണയില്‍ നിന്നും മൂന്നിരട്ടി അധി­കമായിരുന്നു. പൊലീസില്‍ നിന്നും രക്ഷപ്പെടുന്നതിന് അമിത വേഗത്തില്‍ വാഹനം ഓടിച്ചു മറ്റ് രണ്ടു വാഹനങ്ങളെക്കൂടി ഇടിച്ച ശേഷമാണ് പ്രതിയെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്.

കോടതിയില്‍ കേസ് വിചാരണ ആരംഭിക്കുന്നതിനു മുന്‍പു പ്രതി കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷ 50 വര്‍ഷമായി കുറക്കുകയായിരുന്നു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടെ പേരില്‍ ചാര്‍ജ് ചെയ്തിരുന്നത്. 1990 ല്‍ മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു.

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും ഗൗരവമായി എടുക്കാതെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കള്‍ മുന്നോട്ടുവരേണ്ടതാണ്. അമേരിക്കയില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നവരുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്.