മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടത് അതിഥിയെ പോലെ : സാകാറച്ചന്‍

09:20 am 14/8/2016

പി. പി. ചെറിയാന്‍
KECf20
ഡാലസ് : മരണത്തിനുശേഷം ആറടി മണ്ണിനും ജീവിച്ചിരിക്കുമ്പോള്‍ കാല്‍പാദങ്ങള്‍ ഊന്നി നില്ക്കുന്നതിന് രണ്ടടി മണ്ണിനു മാത്രം അവകാശമുളള മനുഷ്യന്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികളെന്ന് സ്വയം അഭിമാനിക്കുന്നവര്‍ ഭൂമിയില്‍ ജീവിക്കേണ്ടത് അതിഥിയെപോലെ ആയിരിക്കണമെന്ന് വേദപണ്ഡിതനും ധ്യാനഗുരുവുമായ റവ. ഫാ. സഖറിയാ നൈനാന്‍ (സാകാറച്ചന്‍) ഉദ്‌ബോധിപ്പിച്ചു.

ഓഗസ്റ്റ് ആദ്യവാരം ഡാലസ് -ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ ഇരുപത്തി മൂന്ന് െ്രെകസ്തവ സഭകള്‍ സംയുക്തമായി സംഘടിപ്പിച്ച കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സുവിശേഷ കണ്‍വന്‍ഷനില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു സാകാറച്ചന്‍.

െ്രെകസ്തവ ദൗത്യ നിര്‍വഹണത്തിനായി ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട അതിഥികളാണെന്ന തിരിച്ചറിവ് മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്നു. അഹം ബോധത്തിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍ അഹങ്കാരമെന്ന വിപത്തിലേക്ക് അറിയാതെ അധഃപതിക്കുന്ന ആധുനിക മനുഷ്യ വര്‍ഗത്തെയാണ് ഇന്ന് എവിടേയും ദര്‍ശിക്കുവാന്‍ കഴിയുന്നത്. അഹങ്കാരം, അൂസയ ഇവ രണ്ടും മനുഷ്യ മനസിനെ സ്ഥായിയായി മഥിക്കുന്ന വികാരങ്ങളാണ്. അസൂയ തേജോമയമായ മുഖത്തിന്റെ പ്രകാശം കെടുത്തി കളയുമ്പോള്‍ അഹങ്കാരം മനുഷ്യനെ അതിക്രമങ്ങളിലേക്കും അതുവഴി നരഹത്യയിലേക്കും ആനയിക്കുന്നു. അധമ മാര്‍ഗ്ഗങ്ങളിലൂടെയല്ല, മറിച്ചു ഉത്തമ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചു ലക്ഷ്യ പ്രാപ്തിയില്‍ എത്തിച്ചേരുവാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ അതിഥിയുടെ മാന്യതയാണ് അംഗീകരിക്കപ്പെടുന്നത്.

ഭക്തിയുടെ വേഷം ധരിച്ച് ഭോഗ പ്രിയരായി ഇരതേടുകയും ഇണ ചേരുകയും ചെയ്യുന്ന തലത്തിലേക്ക് അതിഥിയായി അന്തസോടെ ജീവിക്കേണ്ട മനുഷ്യന്‍ അധ:പതിച്ചിരിക്കുന്നു എന്നതു വേദനാജനകമാണ്. സകലവും ആര്‍ജ്ജിക്കണമെന്ന വ്യാമോഹം വര്‍ജനം എന്ന മഹത് സത്യത്തെ വിസ്മരിക്കുന്നതിനിടയാക്കുന്നു. ‘ഞാന്‍ എന്ന ഭാവം’ നിലനില്ക്കുന്നിടത്തോളം ‘സ്വര്‍ഗ കവാടം മനുഷ്യനു മുമ്പില്‍ അടഞ്ഞു തന്നെ കിടക്കും. ‘ഞാന്‍’ എപ്പോള്‍ മരിക്കുന്നുവോ അന്നു മാത്രമായിരിക്കും മനുഷ്യന് ഒരുക്കിയിരിക്കുന്ന സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്നതിന് അര്‍ഹത ലഭിക്കുകയെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

മരകുരിശില്‍ മൂന്നാണികളാല്‍ ക്രിസ്തു നാഥന്‍ തൂക്കപ്പെട്ടപ്പോള്‍ അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നട്ടഹസിച്ച പളളി പ്രമാണിമാര്‍, ശാസ്ത്രിമാര്‍, പരീശന്മാര്‍, മഹാപുരോഹിതര്‍, ക്രൂശിക്കുന്നതിന് അനുമതി നല്‍കിയ പീലാത്തോസ്, ചാട്ടവാര്‍ കൊണ്ട് ശരീരം മുഴുവന്‍ ഉഴുതു മറിച്ച പടയാളികള്‍, മുഖത്തു തുപ്പി നിന്ദിച്ചവര്‍ ഉള്‍പ്പെടെയുളളവര്‍ ശാരീരിക വേദന മാത്രമാണ് നല്‍കിയതെങ്കില്‍ നിരപരാധിയും നിരപവാദ്യനും, നന്മ ചെയ്തും, രോഗികളെ സൗഖ്യമാക്കിയും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കിയും ഭാരം ചുമക്കുന്നവര്‍ക്ക് അത്താണിയായും സഞ്ചരിച്ച തന്നെ അതിക്രൂരമായി ശിക്ഷിക്കുന്നതും നിന്ദിക്കുന്നതും കണ്ടു. പ്രതികരണശേഷി നഷ്ടപ്പെട്ടു നിശ്ശബ്ദരായി നിന്ന ജനവിഭാഗം മാനസികമായി ക്രിസ്തു നാഥനില്‍ ഏല്പിച്ച മുറിവുകള്‍ എത്ര ഭീകരമായിരുന്നു എന്ന് ചിന്തിക്കുവാന്‍ പോലും അസാധ്യമാണെന്ന് തിരുവചനങ്ങളെ ഉദ്ധരിച്ചു സാകാറച്ചന്‍ വ്യക്തമാക്കി.

എക്യുമനിക്കല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതിലൂടെ സഭകള്‍ തമ്മിലുളള ഐക്യം ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം നിര്‍മ്മല വ്യക്തി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ഇടയാക്കണമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. ഭൂമിയിലെ അതിഥി ജീവിതം അവസാനിപ്പിച്ച് പ്രത്യാശയുടെ തുറമുഖത്ത് എത്തിച്ചേരുവാന്‍ സഭ സന്നദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ചന്‍ പ്രസംഗം ഉപസംഹരിച്ചത്. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ വിജയകരമായി നടത്തുന്നതിന് സഹകരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവരോടും പ്രസിഡന്റ് റവ. ഫാ. രാജദാനിയേലച്ചനും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടറും പ്രത്യേകം കൃതജ്ഞത പറഞ്ഞു. കെഇസിഎഫ് കണ്‍വന്‍ഷനുവേണ്ടി ദേവാലയം തുറന്ന് നല്‍കിയ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡ്കസ് വലിയ പളളി വികാരി റവ. ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയ് കൊടുവത്ത്, ഷാജി ജോണ്‍, ജിജി മാത്യു, ജോബി വര്‍ഗീസ് എന്നിവര്‍ക്ക് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ നന്ദി രേഖപ്പെടുത്തി.